മൃതദേഹം വീട്ടിലെത്തിച്ച് പ്രത്യേക പേടകത്തിൽ സൂക്ഷിച്ചു
കറ്റാനം: കോടതിവിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കുന്നത് പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ. മഞ്ഞാടിത്തറ കിഴക്കേവീട്ടിൽ പരേതനായ രാജന്റെ ഭാര്യ മറിയാമ്മ രാജന്റെ (92) സംസ്കാരമാണ് പൊലീസ് തടഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മറിയാമ്മ രാജന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം പള്ളിയിൽ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ദിവസങ്ങളിൽ ജില്ലാ കളക്ടർ ,ആർ.ഡി.ഒ എന്നിവരുമായി യാക്കോബായ വിഭാഗം ചർച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജില്ലാ കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾ കട്ടച്ചിറ പള്ളിയിലേക്ക് ഇന്നലെ വൈകിട്ട് മൂന്നോടെ കൊണ്ടു വന്നത്. പള്ളിക്ക് 100മീറ്റർ അകലെ പൊലീസും റവന്യു അധികാരികളും ചേർന്ന് ഇവരെ തടഞ്ഞു. തുടർന്ന് യാക്കോബായ വിശ്വാസികൾ മൃതദേഹവുമായി ഒരു മണിക്കൂറിലേറെ റോഡിൽ പ്രതിഷേധിച്ചു. ആർ.ഡി.ഒ ഉഷാകുമാരി, ചെങ്ങന്നങ്ങർ ഡി.വൈ.എസ്.പി അനീഷ് വി.കോര എന്നിവരുടെ നേതൃത്വത്തിൽ 300 ഓളം പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
പിന്നീട് മൃതദേഹം തിരികെ വീട്ടിൽ എത്തിച്ചു. ഭർത്താവിന്റെ കല്ലറയിൽ സംസ്കരിക്കുന്നതുവരെ മറിയാമ്മയുടെ മൃതദേഹം വീടിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ സൂക്ഷിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചർച്ചയുടെ അടിസ്ഥാനത്തിൽ മൃതദേഹം സംസ്കരിക്കാൻ എത്തിയ തങ്ങളെ ജില്ലാ കളക്ടറും റവന്യു അധികാരികളും ചേർന്ന് ചതിക്കുകയായിരുന്നെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും സ്വന്തം വിശ്വാസത്തിൽ ജീവിച്ചു മരിക്കുന്നതിനുള്ള അവകാശവും നിഷേധിക്കുകയാണ് ജില്ലാ കളക്ടർ ചെയ്തത്. ഇത്തരം ഏകപക്ഷീയ നിലപാടുകൾ ചെറുത്തു തോൽപ്പിക്കുവാൻ വരും ദിവസങ്ങളിൽ പള്ളിക്കുമുന്നിൽ വിപുലമായ സമര പരിപാടികൾ ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ ഉപരോധസമരം നടത്തുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു.
നഗ്നമായ നീതി ലംഘനം: യാക്കോബായ സഭ.
കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കുന്നത് ജില്ലാഭരണകൂടം തടഞ്ഞത് നഗ്നമായ നീതിലംഘനമാണെന്ന് യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ്, തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് എന്നിവർ അവർ പ്രസ്താവനയിൽ പറഞ്ഞു.