ആലപ്പുഴ : സർക്കാരുമായി സഹകരിച്ച് ധാരണാപത്രം ഒപ്പുവച്ചതിനുശേഷമേ ഇ.എം.എസ് സ്റ്റേഡിയം നവീകരണവുമായി മുന്നോട്ടു പോകാവൂ എന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് യോഗം നഗരസഭയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലെടുത്ത തീരുമാനം യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയുള്ളതും തികച്ചും തെറ്റിദ്ധാരണജനകവുമാണ്. ഇ.എം.എസ് സ്റ്റേഡിയത്തിന് സർക്കാർ ഫണ്ട് തേടി സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. നഗരസഭ ചെയർമാൻെറ ഒൗദ്യോഗിക ഫേസ്ബുക്കിലെ പോസ്റ്റിൽ നഗരസഭ പത്ത് കോടി മുടക്കി സ്റ്റേഡിയം നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചതായും അതിൽ രണ്ട് കോടി ഈ വർഷത്തെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിച്ചതായും കാണുന്നു. ഇങ്ങനെയൊരു തീരുമാനമെടുത്തത് വസ്തുതകൾക്ക് വിരുദ്ധമാണ്. നഗരസഭയുടെ അധികാരപരിധിക്ക് പുറത്ത് നിൽക്കുന്നതും പദ്ധതിരേഖകളിലൊന്നും ഉൾപ്പെടാത്തതുമായ പദ്ധതിക്ക് തുക അനുവദിക്കാനാവില്ല.14.5 കോടി സർക്കാർ ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. തുടർനിർമ്മാണത്തിന് കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി സർക്കാർ 8.62 കോടി വകയിരുത്തിയിട്ടുണ്ട്.

നഗരസഭയ്ക്ക് പൂർണമായ ഉടമസ്ഥാവകാശം വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഒപ്പുവച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടരുന്നതിനുപകരം നഗരസഭ അധികൃതർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെമ്പാടുമുള്ള തദ്ദേശസ്ഥാപനങ്ങൾ സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചാണ് വികസനപ്രവർത്തനങ്ങൾ നടത്തുന്നത്.

തെറ്റായ പ്രസ്താവനകളിറക്കി ജനങ്ങളെ അപഹാസ്യരാക്കാതെ യാഥാർത്ഥ്യം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് വി.ജി.വിഷ്ണു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കുര്യൻ ജയിംസ്, ടി. ജയമോഹൻ, ടി.കെ.അനിൽ,ജിതശ്രീ എന്നിവർ സംസാരിച്ചു.