ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിക്ക് ഭക്തജന പ്രവാഹം. പുലർച്ചെ 3.30 മുതൽ പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. രാവിലെ നിർമ്മാല്യം മുതൽ ക്ഷേത്ര പരിസരത്ത് ജലപാനമില്ലാതെ വ്രതമിരുന്ന ഭക്തർ ശ്രീകോവിലിൽ അഭിഷേകം ചെയ്ത പഞ്ചഗവ്യം പുറത്ത് വിതരണം ചെയ്തത് സേവിച്ചതിന് ശേഷം ക്ഷേത്രത്തിൽ നിന്നും വെളള നിവേദ്യം കഴിച്ചാണ് വ്രതം അവസാനിപ്പിച്ചത്.
രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിവരെ തുടർന്നു. ക്ഷേത്ര തന്ത്രിമാരായ പടിഞ്ഞാറേ പുല്ലാംവഴി ദേവൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവൻ സനൽ നാരായണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. അഞ്ച് വിശേഷാൽ പൂജകൾ, നവകം, ശ്രീഭൂതബലി എന്നിവ ഇന്നലെ നടന്നു.
തിരക്ക് നിയന്ത്രിക്കാൻ വടക്കേ വാതിലിലൂടെയുളള പ്രവേശനം തടഞ്ഞിരുന്നതിനാൽ മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തിയത്. വെളള നിവേദ്യം വിതരണം ചെയ്യാൻ വടക്കേ ഊട്ടുപുരയിലും കൗണ്ടർ ഉണ്ടായിരുന്നതിനാൽ ഭക്തർക്ക് സൗകര്യപ്രദമായി. തിരക്ക് നിയന്ത്രിക്കാൻ നൂറ് കണക്കിന് പൊലീസുകാരും ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരും ഹരിപ്പാട് എമർജൻസി റസ്ക്യു ടീം അംഗങ്ങളും ഉണ്ടായിരുന്നു.