ramesh-chennithala-2
RAMESH CHENNITHALA

ആലപ്പുഴ: സംസ്ഥാനത്ത് നടക്കുന്ന ഭരണകൂട ഭീകരതയും പൊലീസ് അഴിഞ്ഞാട്ടവും നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തത്‌സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആലപ്പുഴയിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാവോയിസ്റ്റ് വേട്ടയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ജുഡി​ഷ്യൽ അന്വേഷണം നടത്തണം. മജിസ്റ്റീരിയൽ അന്വേഷണത്തിൽ സത്യം പുറത്തു വരില്ല. ആഭ്യന്തര വകുപ്പ് അറിയാതെ സംസ്ഥാനത്ത് ഒരു കരിയില പോലും അനങ്ങില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോൾ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് ന്യായീകരിക്കാൻ കഴിയില്ല. വ്യജ ഏറ്റുമുട്ടലാണെന്നതി​ന്റെ തെളിവുകളാണ് ഓരോദിവസം കഴിയുമ്പോഴും പുറത്തു വരുന്നത്. പിന്നി​ൽ നിന്ന് വെടിവച്ചെന്നാണ് സൂചന. മാവോയിസ്റ്റുകളെ നേരിടുന്നതിനെ എതിർക്കുന്നില്ല. പക്ഷേ അവരെ പൊലീസ് നേരിട്ട രീതി ശരിയല്ല. ആരെയും വെടിവച്ചു കൊല്ലാമെന്നാണ് പൊലീസും ഭരണകൂടവും കരുതുന്നത്. അതാണ് അട്ടപ്പാടിയിൽ നടന്നത്.

ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണ് പൊലീസ് നിരപരാധികൾക്കെതിരെ യു.എ.പി.എ ചുമത്തുന്നത്. സ്വന്തം പാർട്ടിക്കാർക്ക് എതിരെ പോലും യു.എ.പി.എ ചുമത്തി. നോട്ടീസ് വിതരണത്തിന്റെ പേരിൽ കോഴിക്കോട്ട് ഡി.വൈ.എഫ്‌.ഐ നേതാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയതു നിബന്ധനകൾ പാലിച്ചല്ല. കേസിനെ ന്യായീകരിക്കാനാണ് ഡി.ജി.പിയുടെ ശ്രമം. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നോട്ടീസ് വിതരണം നടത്തിയതിന്റെ പേരിൽ യു.എ.പി.എ പ്രയോഗിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംഭവിച്ചത് എന്താണെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും ജനങ്ങളോട് പറയണം'- ചെന്നിത്തല ആവശ്യപ്പെട്ടു.