കറ്റാനം: തർക്കത്തിലിരിക്കുന്ന കട്ടച്ചിറ സെന്റ്മേരീസ് പള്ളിയിൽ യാക്കോബായ ഇടവകാംഗമായ കിഴക്കേവീട്ടിൽ മറിയാമ്മ രാജന്റെ മൃതദേഹം എട്ടു ദിവസം പിന്നിട്ടിട്ടും സംസ്കരിക്കാൻ കഴിഞ്ഞില്ല.

മൃതദേഹം വീടിനുമുന്നിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്ന് യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വീട്ടിലെത്തി പേടകത്തിന് മുന്നിൽ പ്രാർത്ഥന നടത്തിയശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

യാക്കോബായ വിഭാഗം ആരാധന നടത്തിയിരുന്ന പള്ളി സുപ്രീം കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാവുകയായിരുന്നു. കഴിഞ്ഞ 14 മാസമായി പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. മുമ്പ് സമാനമായ തർക്കത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ കഴിയാതെ 11 ദിവസം വരെ സൂക്ഷിക്കേണ്ടി വന്ന ചരിത്രവും ഉണ്ടായിട്ടുണ്ട്. മറിയാമ്മ രാജന്റെ മൃതദേഹം സംസ്കരിക്കാൻ കളക്ടർ ഉത്തരവ് നൽകിയെങ്കിലും അവസാന നിമിഷം പൊലീസും റവന്യു അധികൃതരും ചേർന്ന് തടയുകയായിരുന്നു. തുടർന്നാണ് പ്രത്യേക പേടകത്തിൽ സൂക്ഷിക്കാൻ തീരുമാനിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് യാക്കോബായ സഭയുടെയും കട്ടച്ചിറ ഇടവകയുടെയും നേതൃത്വത്തിൽ നാളെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും.