ആലപ്പുഴ: ബൈപാസ് പൂർത്തിയാവാതെ നീണ്ടുപോകുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. വി വാണ്ട് ബൈപാസ് കൂട്ടായ്മ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയുടെ കാരണം ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. സഞ്ചാര സ്വാതന്ത്ര്യം എല്ലാവരുടേയും അവകാശമാണ്. ആലപ്പുഴ ബൈപാസിനായി കേരളം നിലവിളിക്കുകയാണ്. ആലപ്പുഴയ്ക്ക് പഴയ വിപ്ലവവീര്യം നഷ്ടമായി. ബൈപാസിന്റെ ഗർഡറുകളുടെ പോരായ്മ പരിഹരിക്കാൻ സാമ്പത്തിക സഹായം ചെയ്യാനും തയ്യാറാണ്. മരിക്കുന്നതിന് മുമ്പ് ബൈപാസിലൂടെ യാത്രചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും കെമാൽപാഷ പറഞ്ഞു. കൺവെൻഷനിൽ വർഗീസ് കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വി.ദിനകരൻ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഹരികുമാർ വാലേത്ത്, പി.എ.കുഞ്ഞുമോൻ, ജേക്കബ് ജോൺ, ആലപ്പി അഷ്റഫ്, പി.ജെ.മാത്യു, പി.വെങ്കിട്ടരാമൻ, കമാൽ എം.മാക്കിയിൽ, അശോകൻ അക്ഷരമാല എന്നിവർ സംസാരിച്ചു.