തുറവൂർ: വെട്ടയ്ക്കൽ ചെള്ളപ്പുറം ഘണ്ടാകർണ്ണസ്വാമി ക്ഷേത്രത്തിൽ ദശദിന മഹാ നാരായണ സത്രം തുടങ്ങി. ശ്രീമദ് ഭാഗവതം, നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീർത്തനം, ഭഗവദ് ഗീത എന്നിവയെ ആധാരമാക്കിയുള്ള സത്രം മദ്ധ്യകേരളത്തിൽ ആദ്യമായാണ് നടത്തുന്നത്.
സത്രത്തിന്റെ ഭാഗമായി സമൂഹ വിവാഹം, ചികിത്സാ സഹായം;വിദ്യാഭാസ അവാർഡ് വിതരണം, വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ആദരിക്കൽ, വിശേഷാൽ പൂജകൾ എന്നിവ നടക്കും. എസ്. എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ സത്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം കവിയൂർ പൊന്നമ്മ ഭദ്രദീപം പ്രകാശിപ്പിച്ചു. സത്ര സംഘാടക സമിതി ചെയർമാൻ പി.എൻ.പ്രസന്നൻ അദ്ധ്യക്ഷനായി. എം.ജി. മനോജ് മാവുങ്കൽ വിഗ്രഹവും വി.ടി. മനോഹരൻ ഗ്രന്ഥവും സമർപ്പിച്ചു. മാത്താനം അശോകൻ തന്ത്രി വിഗ്രഹപ്രതിഷ്ഠയും യജ്ഞാചാര്യൻ പള്ളിക്കൽ മണികണ്ഠൻ മാഹാത്മ്യ പ്രഭാഷണവും നടത്തി. സമാപന ദിവസമായ 13 ന് രാവിലെ 7 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി ഡോ.കെ.രാമചന്ദ്ര അഡിഗയുടെ കാർമ്മികത്വത്തിൽ ഷഡ് വിഘ്ന നിവാരണ മഹാഗണപതി ഹോമം നടക്കും. വൈകിട്ട് 4.30ന് സത്ര സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ് ചികിത്സാ സഹായ വിതരണവും എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും.