ആലപ്പുഴ: ജില്ല സാക്ഷരത മിഷൻ കുടംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് 1000 കുടുംബശ്രീ വനിതകൾക്ക് 'സമ' എന്ന പേരിൽ സാക്ഷരത തുടർവിദ്യാഭ്യാസ പരിപാടി നടത്തും. ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. 23ന് സമയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നടക്കും.

ഇതിന് മുന്നോടിയായി ബ്ലോക്കുതലങ്ങളിൽ യോഗങ്ങൾക്ക് ജില്ലാ സാക്ഷരത മിഷൻ നടപടി തുടങ്ങി.
വിദ്യാഭ്യാസത്തിന്റെ കുറവാണ് പല സ്ത്രീകൾക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിന് തടസമെന്ന തിരിച്ചറിവാണ് പുതിയ പദ്ധതിക്ക് രൂപം നൽകാൻ ജില്ല പഞ്ചായത്തിനെ പ്രേരപ്പിച്ചതെന്ന് ജില്ല സാക്ഷരത മിഷൻ ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ വ്യക്തമാക്കി. കുടുംബശ്രീ അംഗങ്ങളായ ആയിരം വനിതകളെ തിരഞ്ഞെടുത്ത് ആദ്യഘട്ടത്തിൽ പത്താംതരം, ഹയർ സെക്കൻഡറി പരീക്ഷകൾ പാസാക്കുക എന്നതാണ് സമ വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഠിതാക്കളുടെ സൗകര്യമനുസരിച്ച് അതത് പ്രദേശത്തെ സമ്പർക്ക പഠനകേന്ദ്രങ്ങളിലാകും അദ്ധ്യയനം. ആദ്യഘട്ടം 10 മാസത്തിനകം പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തി സാക്ഷ്യപത്രം നൽകും.