gopala-kashayam

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസം 'ഗോപാല കഷായം' എന്ന പേരിലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. വ്യാജ പായസങ്ങൾ അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിൽ ബേക്കറികളിൽ ഉൾപ്പെടെ ലഭിച്ചു തുടങ്ങിയതോടെയാണ് പേരുമാറ്റി പേറ്റന്റ് എടുക്കാൻ ബോർഡ് തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ ഭക്തരുടെ പ്രതിഷേധവും ഉയർന്നു.

നേരത്തേ അമ്പലപ്പുഴ പാൽപ്പായസം ഗോപാല കഷായം എന്ന പേരിലും അറിയപ്പെട്ടിരുന്നു. അതിനാൽ ഇനി ഗോപാല കഷായം എന്ന ലേബലിൽ ആയിരിക്കും അമ്പലപ്പുഴ പാൽപ്പായസം വിൽക്കുകയെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. ലിറ്ററിന് 160 രൂപ.

അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിൽ പല വ്യാപാര സ്ഥാപനങ്ങളിലും പായസം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കാറ്ററിംഗ് സ്ഥാപനങ്ങളും ഇത്തരത്തിൽ കബളിപ്പിക്കൽ നടത്തിയിരുന്നു. അമ്പലപ്പുഴ പാൽപ്പായസത്തിനു പുറമേ തിരുവാർപ്പ് ഉഷ പായസം, ശബരിമല അപ്പം, ശബരിമല അരവണ, കൊട്ടാരക്കര ഉണ്ണിയപ്പം എന്നിവയ്ക്കും പേറ്റന്റ് എടുക്കാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.