ആലപ്പുഴ: കനത്ത മഴയിൽ കൃഷിനാശമുണ്ടായ കുട്ടനാടൻ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ സന്ദർശനം വെറും പ്രഹസനമാണ്. കൃഷിക്കാർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്.
മുൻകാലങ്ങളിലും മന്ത്രി കർഷകർക്കുണ്ടായ നഷ്ടം നേരിട്ട് കണ്ട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഒന്നും പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായപ്പോഴും പ്രളയം ബാധിച്ച് നെൽകൃഷിക്ക് വലിയ നാശനഷ്ടമുണ്ടായപ്പോഴും സംസ്ഥാന സർക്കാർ നിരവധി സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും കൃഷിക്കാർക്ക് ലഭിച്ചിട്ടില്ല.
ഇപ്പോഴത്തെ പ്രതിസന്ധി അതിരൂക്ഷമാണ്. വിളവ് പൂർത്തിയായി കൊയ്യാൻ യന്ത്രം വരെ പാടശേഖരങ്ങളിൽ എത്തുന്ന സമയത്താണ് പതിനായിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിൽ കൃഷിനാശമുണ്ടായി കർഷകർ ദുരിതത്തിലായിരിക്കുന്നത്. പ്രതിസന്ധി സർക്കാർ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തി കർഷകർക്ക് തുടർ കൃഷി ചെയ്യാനുള്ള അർഹതപ്പെട്ട സഹായം നൽകണമെന്നും കൊടിക്കുന്നിൽ പ്രസ്താവനയിൽ പറഞ്ഞു.