മാവേലിക്കര: ആത്മബോധോദയ സംഘം സ്ഥാപകനായ ശ്രീ ശുഭാനന്ദഗുരു അനുഷ്ഠിച്ച ദിവ്യതപസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ 6, 7 തീയതികളിൽ ആത്മബോധോദയസംഘം കേന്ദ്ര സ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടക്കും.
നാളെ രാവിലെ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ നിന്നു വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന രഥവാഹന ഘോഷയാത്ര കായംകുളം വഴി ചെട്ടികുളങ്ങര ദേവീ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. അവിടെ നടക്കുന്ന സമ്മേളനത്തിന് ശേഷം രഥവാഹന ഘോഷയാത്ര പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിൽ എത്തിച്ചേരും. ഇവിടെനിന്നു താളമേളങ്ങളുടെ അകമ്പടിയോടെ സന്ന്യാസിമാരുടെ നേതൃത്വത്തിൽ ആശ്രമ സന്നിധിയിലേക്ക് ഘോഷയാത്ര നടക്കും. ആശ്രത്തിൽ മഠാധിപതി ദേവാനന്ദഗുരു ഘോഷയാത്രയെ സ്വീകരിച്ച് ആശീർവദിക്കും.
7ന് രാവിലെ ആശ്രമ സന്നിധിയിൽ ഗുരുപൂജ, പ്രാർത്ഥന, സമാധി മണ്ഡപങ്ങളിൽ പുഷ്പാർച്ചന, ആശ്രമപ്രദക്ഷിണം, എതിരേല്പ്, എഴുന്നള്ളത്ത്, സമൂഹാരാധന, ദേവാനന്ദഗുരുവിന്റെ അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും. ഉച്ചയ്ക്ക് 1ന് സമൂഹസദ്യയും 2ന് തപോശതാബ്ദി ആഘോഷ സമാപന സമ്മേളനവും നടക്കും. തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സദ്ഭവാനന്ദ മഹാരാജ് സ്വാമി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി ഗീതാനന്ദൻ സ്വാമി അദ്ധ്യക്ഷനാവും. ദേവാനന്ദഗുരു അനുഗ്രഹ പ്രഭാഷണവും കൊല്ലം ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ആശീർവാദ പ്രസംഗവും നടത്തും.