മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം കലാകാരന്മാർ ക്ഷേത്രച്ചുവരിൽ ചുമർചിത്ര ശൈലിയിൽ പകർത്തി.
ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ബാലകന്റെ ക്ഷേത്രത്തോട് ചേർന്നാണ് അശ്വതി ഉത്സവം ചിത്രീകരിച്ചത്. അക്രിലിക് കളർ ഉപയോഗിച്ചാണ് ചിത്രീകരണം. അശ്വതി ഉത്സവത്തിലെ കെട്ടുകാഴ്ചകൾ, ഘണ്ഠാകർണന്റെ പ്രതീകമായ പോള വിളക്കുകൾ, തീവെട്ടി, താളമേളങ്ങൾ, ആപ്പിണ്ടി എന്നിവയും ചെട്ടികുളങ്ങരയമ്മയുടെ കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയയപ്പുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
രണ്ടാഴ്ചയെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് ചാലേത്ത് തെക്കതിൽ എസ്.ശ്യാമിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ചത്. പത്തനംതിട്ട വാരിയാപുരം മനോജ് മേലൂട്ട്, ആറന്മുള വാസ്തുവിദ്യാഗുരുകുലം വിദ്യാർത്ഥികളായ പത്തനംതിട്ട പെരുനാട് സ്വദേശിനി ദീപ്തി കെ.രാജൻ, കായംകുളം കൃഷ്ണപുരം സ്വദേശിനി ഡയാന സുനിൽ, കോട്ടാത്തല സ്വദേശിനി ആശ മനോജ് എന്നിവരും രചനയിൽ പങ്കാളികളായി.