മരിച്ചത് ബന്ധുക്കളായ വീട്ടമ്മമാർ
ആലപ്പുഴ: ദേശീയപാതയിൽ കലവൂരിനു സമീപം കാർ ഇടിച്ച് സ്കൂട്ടർ യാത്രികരും ബന്ധുക്കളുമായ വീട്ടമ്മമാർക്ക് ദാരുണാന്ത്യം. കലവൂർ വാലുങ്കൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി (41), മാതൃ സഹോദരൻ തുമ്പോളി പാടത്ത് വലിയവീട്ടിൽ ജോസഫിന്റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്.
കലവൂർ കയർബോർഡ് മ്യൂസിയത്തിന് സമീപം ഇന്നലെ വൈകിട്ട് 3.45ന് ആയിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാർ എതിരെ വന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഷേർളിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് തലയടിച്ചു വീണു. ഷേർളി റോഡിലേക്കും സെലീന തൊട്ടടുത്തുള്ള വർക്ക്‌ഷോപ്പിന് സമീപവുമാണ് വീണത്. അബോധാവസ്ഥയിലായ ഇരുവരെയും നാട്ടുകാർ മറ്റൊരു വാഹനത്തിൽ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെലീനാമ്മ മരിച്ചു. ഷേർളി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണത്തിനു കീഴടങ്ങി.
ഇരുവരുടെയും മൃതദേഹങ്ങൾ മെഡി. ആശുപത്രി മോർച്ചറിയിൽ. കാർ ഡ്രൈവറെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഷേർളിയുടെ ഭർത്താവ് സെബാസ്റ്റ്യൻ വിദേശത്താണ്. മക്കൾ; ആദർശ്, അതുൽ. സെലീനാമ്മയുടെ ഏകമകൾ ലിസി.