shiju

ചാരുംമൂട്‌: ബസ് കണ്ടക്ടറായ യുവാവിന്റെ അസ്വാഭാവിക മരണത്തിൽ സംശയം തോന്നിയ പൊലീസ് മൃതദേഹം സംസ്കരിക്കാൻ എടുക്കുന്നതിനു തൊട്ടുമുമ്പ് ഏറ്റെടുത്ത് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിച്ചു.

ചാരുംമൂട് പേരൂർകാരാണ്മ ഷിജു ഭവനത്തിൽ ഷിജുവാണ് (37) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറായ ഷിജുവും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരുമായി ഞായറാഴ്ച രാവിലെ ചാരുംമൂട് ജംഗ്ഷനിൽ വച്ച് സമയത്തെ ചൊല്ലി തർക്കമുണ്ടാകുകയും ഷിജുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഷിജുവിന്റെ പരാതിയിൽ പ്രതികളെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും ഷിജുവിന്റെ താത്പര്യ പ്രകാരം കേസെടുക്കാതെ താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ രാത്രിയോടെ നെഞ്ചുവേദന ഉൾപ്പെടെയുള്ള ശാരീരിക അവശതകളെ തുടർന്ന് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ ബന്ധുവിന്റെ മൊഴി പ്രകാരമാണ് സംസ്കാരത്തിനു തൊട്ടുമുമ്പ് പോലീസ് എത്തി മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു പറഞ്ഞു.

ഭാര്യ:ഷൈനി. മക്കൾ: വൈഗ, വേദ. മാതാവ്: ശ്യാമള