ചേർത്തല:കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം തിരയിൽപ്പെട്ട് തകർന്നു. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യ ത്തൊഴിലാളികളെ ബോട്ടിലെത്തിയ തൊഴിലാളികൾ രക്ഷിച്ചു.

ഇന്നലെ വൈകിട്ട് 5.30ഓടെ തൈക്കൽ ഭാഗത്ത് നിന്ന് പോയ, തൈക്കൽ കരിയാടി പറമ്പിൽ ജോസിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളവും വലയുമാണ് നടുക്കടലിൽ തകർന്നത്. ജോസി ഉൾപ്പെടെ തൈക്കൽ സ്വദേശികളായ ആറുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കടലിൽ നീന്തിക്കിടന്ന ഇവരുടെ നിലവിളികേട്ട് എത്തിയ ബോട്ടുകാരാണ് രക്ഷപ്പെടുത്തി രാത്രിയോടെ കരയിലെത്തിച്ചത്. വള്ളത്തിലെ എൻജിൻ കരയ്ക്കെത്തിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകിട്ട് 5.30 ഓടേ കടലിൽ പോയി രാത്രി 8.30ന് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതി.