 കുട്ടനാട്ടിൽ കൊഴിഞ്ഞത് 20 ശതമാനം തൊഴിലാളികൾ

ആലപ്പുഴ: പ്രളയവും മറ്റ് പ്രതികൂല കാലാവസ്ഥകളും വിലങ്ങുതടി സൃഷ്ടിച്ചതോടെ കുട്ടനാട്ടിലെ കള്ളുകച്ചവടത്തിൽ അടിമുടി പ്രതിസന്ധി. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനം തൊഴിലാളികൾ കള്ള് ചെത്തു മേഖലയിൽ നിന്ന് കൊഴിഞ്ഞ് പോയെന്നാണ് കണക്ക്. 1500ൽ അധികം ചെത്ത് തൊഴിലാളികളുള്ള കുട്ടനാട്ടിൽ 1300ന് അടുത്ത് തൊഴിലാളികൾ മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ.

കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യത്തോടൊപ്പം സഞ്ചാരികളെ ആകർഷിക്കുന്ന രണ്ടു ഘടകങ്ങളാണ് ചെത്തുകള്ളും കരിമീനും. പ്രളയത്തിന്റെ അനന്തരഫലമായി തെങ്ങിൽ കള്ളുമില്ല, ഷാപ്പിൽ കച്ചവടവുമില്ല എന്നതായി അവസ്ഥ. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി, ചീയൽ രോഗങ്ങളും കാലാവസ്ഥ വ്യതിയാനവുമാണ് കള്ള് കുറയാൻ കാരണമെന്നാണ് ചെത്തുതൊഴിലാളികൾ പറയുന്നത്. കുട്ടനാട്ടിലെ ചെത്തു തൊഴിലാളികളിൽ ഭൂരിഭാഗം പേരും പാലക്കാട്ട് വേരുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് നിന്നു കുട്ടനാട്ടിലേക്ക് കള്ള് എത്തുന്നുണ്ട്. കുട്ടനാടൻ മേഖലയിൽ 140 ഷാപ്പുവരെ മുമ്പ് ഉണ്ടായിരുന്നു. നിലവിൽ ഇത് 80ൽ എത്തി. 10 തെങ്ങിൽ നിന്ന് 35 ലിറ്റർ വരെ കള്ള് ചെത്തിയിരുന്ന സ്ഥാനത്ത് നിലവിൽ ഇത് 15 ലിറ്ററായി കുറഞ്ഞു.
...............................


 മറുകണ്ടം ചാടി

പ്രളയകാലത്ത് ഷാപ്പുകൾ മാസങ്ങളോളം അടഞ്ഞു കിടന്നതും കള്ള് കിട്ടാതായതും നിമിത്തം സ്ഥിരം 'കസ്റ്റമേഴ്സ്' വിദേശമദ്യത്തിൽ അഭയം തേടുകയും തുടർന്ന് ഇത് പതിവാക്കുകയും ചെയ്തെന്നാണ് ചില ഷാപ്പുടമകളുടെ വിലയിരുത്തൽ. ഒരു ലിറ്റർ കള്ളിന് 140 രൂപയാണ്. ലിറ്ററിന് 75 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. 6 ലിറ്റർ കള്ളിന് ഏകദേശം 250 രൂപ ഡി.എയും കിട്ടും. മൂന്നു മാസം മുമ്പ് ശരാശരി ദിവസം 250 കുപ്പി കള്ള് വിറ്റിരുന്ന ഷാപ്പുകളിൽ 150ന് താഴെ മാത്രമേ ഇപ്പോൾ വിറ്റഴിയുന്നുള്ളൂ.

.................................

# തൊഴിലാളികൾ തെങ്ങിറങ്ങുന്നു

 കള്ള് ചെത്ത് തൊഴിലിൽ പുതു തലമുറയ്ക്ക് താത്പര്യമില്ല

 മുൻ കാലങ്ങളിലെപ്പോലെ തെങ്ങിൽ കള്ളുമില്ല

 വിരമിക്കുന്നത് 60-ാം വയസിൽ

 50 വയസിനു മുമ്പുതന്നെ പലരും കളംവിടുന്നു

.......................................

 വ്യവസ്ഥ തെറ്റുന്നു

ഒാരോ ഷാപ്പിലും കുറഞ്ഞത് 5 തൊഴിലാളികൾ വീതം 50 തെങ്ങ് ചെത്തണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതു നടപ്പാവാത്തതിനാലാണ് പല ഷാപ്പുകളും അടച്ചുപൂട്ടിയത്. പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് പകരം നിയമിക്കാൻ ആളില്ലാത്ത അവസ്ഥയുമുണ്ട്.

...................................


'ഭീമമായ നഷ്ടമാണ് പ്രളയത്തിന് ശേഷം കള്ള് ഷാപ്പുടമകൾ നേരിടുന്നത്. ചെത്ത് തൊഴിലാളികൾ പലരും തൊഴിൽ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്കു മാറുകയാണ്. പുതുതലമുറ ഇൗ തൊഴിലിനോട് താത്പര്യം കാട്ടുന്നില്ല'


(സതീശൻ, ഷാപ്പ് ഉടമ, ചമ്പക്കുളം)