തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ബി.പി.എൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പുരയിടം മണ്ണിട്ടുയർത്തുന്ന പദ്ധതിയിൽ ലക്ഷങ്ങളടെ അഴിമതി നടന്നതായി സി.പി.എം പഞ്ചായത്തംഗങ്ങളും കോടംതുരുത്ത് ലോക്കൽ കമ്മിറ്റി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്ന വിവിധ വാർഡുകളിലാണ് വീട്ടുമുറ്റം മണലിട്ടുയർത്തുന്ന പദ്ധതി നടപ്പാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം 47.85 ലക്ഷം വിലമതിക്കുന്ന 5118.12 ക്യുബിക് മീറ്റർ മണ്ണാണ് ഇറക്കേണ്ടിയിരുന്നത്. എന്നാൽ 18.10 ലക്ഷം വിലവരുന്ന 1936.35 ക്യുബിക് മീറ്റർ മണ്ണ് മാത്രമാണ് ആകെ ഇറക്കിയത്. 30 ലക്ഷത്തോളം രൂപയുടെ അഴിമതിയാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് ഈ അഴിമതിക്കു പിന്നിലെന്നും ഇവർ രാജിവെക്കണമെന്നും സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ പി.ജി.സന്തോഷ്, അംഗങ്ങളായ രുഗ്മിണി ബോബൻ, വി.എൻ. രതീഷ്, ശാലിനി ബൈജു, ഉഷാ സോമൻ, എൽ.സി സെക്രട്ടറി എ.ഉദയൻ, എസ്.പ്രകാശൻ, എ.മോഹൻദാസ് എന്നിവർ ആവശ്യപ്പെട്ടു.