ആലപ്പുഴ: ജില്ലാ ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ റവന്യു ജില്ലാ കലോത്സവം 7മുതൽ 9വരെ നടക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.വാഹിദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6 വേദികളിലായി 24 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 2000ത്തോളം പ്രതിഭകൾ പങ്കെടുക്കും. നാളെ വൈകിട്ട് 3ന് കളക്ടർ ഡോ. അദീല അബ്ദുള്ള കലോത്സവം ഉദ്ഘാടനം ചെയ്യും. എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.വാഹിദ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തും. 9ന് വൈകിട്ട് 4ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ജി.മനോജ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്യും. കലോത്സവത്തിൽ വിജയികളാകുന്നവർക്ക് നാഷണൽ ബാലഭവൻ നടത്തുന്ന ബാലശ്രീ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. വാഹിദ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എം.എ ഫറൂഖ് സഖാഫി, എ.എസ്.കവിത, അദ്ധ്യാപകൻ എ.അനിൽ എന്നിവർ പങ്കെടുത്തു.