photo

 ആലപ്പുഴയിലെ ചക്ക മഹോത്സവം ശ്രദ്ധേയം

ആലപ്പുഴ: ചക്കവിഭവങ്ങളുടെ രുചിഭേദങ്ങൾ മാത്രമല്ല, ചക്ക കൊണ്ട് ഉണ്ടാക്കാവുന്ന വിവിധതരം പലഹാരങ്ങളും ചക്കസദ്യയുമെല്ലാം ആലപ്പുഴ ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കുന്ന ചക്ക മഹോത്സവത്തിലേക്ക് ചക്ക പ്രേമികളെ വലിച്ചടിപ്പിക്കുകയാണ്.

300ൽപ്പരം ചക്ക വിഭവങ്ങൾ മേളയിലുണ്ട്. ഇന്നുവരെ നേരിൽ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ചക്കകളുടെ പ്രദർശനവും മേളയുടെ പ്രത്യേകതയാണ്. തേൻ വരിക്ക, ചെമ്പരത്തി വരിക്ക, നാടൻ വരിക്ക, മുള്ളൻ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ താരങ്ങൾ. പ്ലാവിൻ തൈ വിൽപ്പന, ജൈവോത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിലൊരുക്കിയിട്ടുണ്ട്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളാണ് മറ്റൊരിനം. വരിക്കച്ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികൾ ഉൾപ്പെടെയുള്ള 'ചക്ക ഊണ്' കേമമാണ്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചർ, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരച്ചില്ലി, ചക്ക കട്ലറ്റ്... തുടങ്ങി ചക്കയുടെ പുതുതലമുറ ഇനങ്ങളെല്ലാം മേളയിൽ ആവോളം ആസ്വദിക്കാം.

സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകർ.