 കടലി​ലെ ചുഴലി​ക്കാറ്റു മൂലം വള്ളമി​റക്കാൻ കഴി​യുന്നി​ല്ല

ആലപ്പുഴ: മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കി​ലും കടലി​ന്റെ സ്വഭാവ വ്യതി​യാനം നി​മി​ത്തം മത്സ്യത്തൊഴി​ലാളി​കൾ വള്ളമി​റക്കാൻ മടി​ക്കുന്നു. ശക്തമായ തി​രമാലകളും ചുഴലി​ക്കാറ്റും സ്വതന്ത്രമായ മത്സ്യബന്ധനത്തി​ന് തടസമുണ്ടാക്കുന്നുവെന്നും ഇന്ധനച്ചെലവു പോലും തി​രി​കെ കി​ട്ടുന്നി​ല്ലെന്നും തൊഴി​ലാളി​കൾ പറയുന്നു. ജില്ലയുടെ തീരത്ത് മത്സ്യസമ്പത്തിൽ ഉണ്ടായ ഗണ്യമായ കുറവ് കാരണം പലരും കൊച്ചിയിലെ ചെല്ലാനം മേഖലയിലാണ് മത്സ്യബന്ധനത്തിന് പോകുന്നത്. കടലാക്രമണത്തിൽ വള്ളം, വല, എൻജിൻ എന്നിവയ്ക്ക് കേടുപാട് പറ്റി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഓഖി ദുരന്തത്തിനുശേഷം ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്ക് നല്ല കാലമല്ല. ദുരന്തത്തിനുശേഷം മത്സ്യങ്ങളുടെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായി. മത്സ്യങ്ങൾ വേണ്ടത്ര ലഭിക്കാതെ വന്നത് തീരദേശ ജീവി​തം ദുരി​തത്തി​ലാക്കുകയും ചെയ്തു. ഇതോടൊപ്പം ഇന്ധന വില കുതിച്ചുയരുന്നതും മറ്റൊരു പ്രതിസന്ധിയായി. എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ ഇന്ധനവില ഉയർന്നതോടെ ഇറക്കാനാവുന്നില്ല. അമ്പലപ്പുഴ, ചെത്തി, മാരാരിക്കുളം, തൃക്കുന്നപ്പുഴ തുടങ്ങിയ തീരപ്രദേശങ്ങളിൽ എൻജിൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകാതെ ചെറുവള്ളങ്ങളിലും പൊങ്ങുകളിലും മറ്റും നീട്ടുവലകളുമായി പോയി ചെറുമീനുകളെ പിടിച്ചാണ് മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളാണ് വിപണികളിൽ ഇടം പിടിച്ചിരിക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾക്കായി വായ്പ എടുത്തവർക്ക് തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയുമായി. അറബിക്കടലിൽ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് മത്സ്യത്തൊഴിലാളികൾക്ക് അപ്രതീക്ഷിത തിരിച്ചടിയാവുകയായി​രുന്നു. .............................................. ഡീസൽ വി​ല: 70.16രൂപ/ലി​റ്റർ ..................................... # തി​ളയ്ക്കുന്ന ഡീസൽ വള്ളങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ശരാശരി 50,000 രൂപയോളമാണ് ഇന്ധനച്ചെലവിന് മാത്രമായി വേണ്ടിവരുന്നത്. വലിയ ബോട്ടുകൾ ദിവസങ്ങളോളം കടലിൽ തങ്ങിയാണ് മീൻ പിടിക്കുന്നത്. ഇന്ധനച്ചെലവുപോലും തിരികെപ്പിടിക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ് ഡീസൽ വിലവർദ്ധന മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയോളം കടലിൽ തങ്ങുന്ന ബോട്ടുകൾക്ക് ആയിരം ലിറ്റർ ഡീസലാണ് ശരാശരി വേണ്ടത്. തീരപ്രദേശത്തെ നിലവിലെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് സൗജന്യ റേഷൻ അടക്കമുള്ള സഹായങ്ങൾ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്‌. ......................... # സർക്കാർ അറി​യണം കടലിൽ മത്സ്യബന്ധനത്തിന് തുടർച്ചയായി നിരോധനം ഏർപ്പെടുത്തുന്ന നാളുകളിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ പ്രത്യേക ഫണ്ട് നീക്കിവെക്കുന്നതി​ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മി​റ്റി യോഗം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മൂലം ഒരാഴ്ച വരെ കടലിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന പുതിയ സാഹചര്യത്തിൽ ധനസഹായ പദ്ധതി ആവിഷ്‌കരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹി​ച്ചു. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ.ഉത്തമൻ, കുമ്പളം രാജപ്പൻ, ടി.കെ.ചക്രപാണി, പി.ഒ.ആന്റണി, ഹഡ്‌സൺ ഫെർണാണ്ടസ്, ഡി.പ്രസാദ്, കെ.സി.സതീശൻ എന്നിവർ സംസാരിച്ചു. ........................................... 'കാലാവസ്ഥ പ്രവചനങ്ങളെ തുടർന്ന് കടലി​ൽ പോകുന്നതി​ന് വി​ലക്കേർപ്പെടുത്തുന്ന രീതി​ മുൻകാലങ്ങളെ അപേക്ഷി​ച്ച് കൂടുകയാണ്. നി​രോധനമുള്ള ദി​വസങ്ങളി​ൽ കടലി​ൽ പോയി​ എന്തെങ്കി​ലും സംഭവി​ച്ചാൽ സർക്കാരി​ന്റെ ഭാഗത്തു നി​ന്ന് സഹായമുണ്ടാവാൻ സാദ്ധ്യതയി​ല്ല. അതുകൊണ്ടാണ് ഞങ്ങൾ പോകാത്തത്. ഈ ദി​വസങ്ങളി​ൽ മത്സ്യത്തൊഴി​ലാളി​ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ തയ്യാറാവണം' (തൊഴി​ലാളി​കൾ)