 രണ്ടുമാസത്തിനിടെ റോഡിൽ പിടഞ്ഞത് ആറു സ്ത്രീകൾ

ആലപ്പുഴ: ഇടവേളയ്ക്കുശേഷം ജില്ലയിലെ ദേശീയപാത വീണ്ടും ചോരക്കളമാകുന്നു. രണ്ടു ദിവസത്തിനിടെ കലവൂരിലും മാരാരിക്കുളത്തും ഉണ്ടായ അപകടങ്ങളിൽ, മൂന്നു വീടുകളിലാണ് വെളിച്ചം കെട്ടത്. മൂന്നുപേരും വീട്ടമ്മമാരായിരുന്നു എന്നത് ദു:ഖത്തിന്റെ തീവ്രത കൂട്ടുന്നു.

കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിലെ നിരത്തുകളിൽ ഏഴു പേരുടെ ജീവൻ പൊലിഞ്ഞു. പരിക്കുകളോടെ ആശുപത്രികളിൽ കഴിയുന്നത് നിരവധി പേരാണ്.

ഇന്നലെ മാരാരിക്കുളം കളിത്തട്ടിലുണ്ടായ അപകടത്തിൽ മരിച്ച ഷീലയാണ് (52) ഏറ്റവും ഒടുവിലത്തെ വനിതാ രക്തസാക്ഷി. തിങ്കളാഴ്ച വൈകിട്ട് കലവൂർ കയർ മ്യൂസിയത്തിന് മുന്നിൽ കാർ തട്ടി സ്കൂട്ടർ യാത്രക്കാരും ബന്ധുക്കളുമായ സെലീനമ്മ, ഷേർലി എന്നീ വീട്ടമ്മമാരുടെ സംസ്കാരം കഴിയും മുമ്പാണ് മാരാരിക്കുളത്തെ അപകടം. ഷീല ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിക്കവേ ടോറസ് ലോറി തട്ടി അതിനടിയിൽപ്പെട്ടാണ് ദാരുണമായി മരിച്ചത്. കഴി​ഞ്ഞ മാസം അമ്പലപ്പുഴ പുറക്കാട്ട് കെ.എസ്.ആർ.ടി​.സി​ ബസും ഇന്നോവ കാറും കൂട്ടി​യി​ടി​ച്ച് കാറി​ലുണ്ടായി​രുന്ന, പശ്ചി​മബംഗാൾ സ്വദേശി​കളായ മൂന്ന് സ്ത്രീകൾ മരി​ച്ചതി​ന്റെ മുറി​വുണങ്ങും മുമ്പാണ് വീണ്ടും മൂന്നു വീട്ടമ്മമാർ നി​രത്തി​ൽ പി​ടഞ്ഞു മരി​ച്ചത്.

ഇന്നലെ എ-സി​ റോഡി​ൽ കി​ടങ്ങറയ്ക്കു സമീപം കെ.എസ്.ആർ.ടി​.സി​ ബസ് ആട്ടോറി​ക്ഷയി​ൽ ഇടി​ച്ച് ആട്ടോ ഡ്രൈവർ തോട്ടയ്ക്കാട് കൊച്ചുവീട്ടി​ൽ ജോസഫ് കുര്യൻ (45) മരണമടഞ്ഞു. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ, യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുറക്കാട് കാവിൽ ക്ഷേത്രത്തിന് മുന്നിൽ, കെട്ടിട നിർമ്മാണ തൊഴിലാളിയും കെട്ടിട ഉടമയും ലോറിയിടിച്ച് മരിച്ചത് കഴി​ഞ്ഞ ജൂലായി​ലായി​രുന്നു. ഉടമ ഹനീഫയും അയൽവാസിയായ സജീവ് യൂസഫുമായി സ്കൂട്ടറിൽ പോകുമ്പോഴായി​രുന്നു ദുരന്തം. നിയന്ത്രണംവിട്ട വാൻ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന പാർസൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി നിർത്തിയിട്ടിരുന്ന മിനി ലോറിയിലും സ്കൂട്ടറിലും ഇടിച്ചു കയറി​യാണ് രണ്ടുപേരും മരി​ച്ചത്. ഇവി​ടെ നി​ന്ന് 300 മീറ്റർ മാറി പഴയങ്ങാടിയിൽ ദിവസങ്ങൾക്കം പുലർച്ചെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ സ്വരാജ് (18) മരിച്ചത് മറ്റൊരു ആഘാതമായി.

..................................................

 പരിശോധന മുടങ്ങി

പിഴത്തുക സംബന്ധമായ ആശയക്കുഴപ്പങ്ങളെ തുടർന്ന് പൊലീസിന്റെ വാഹനപരിശോധന പേരിലൊതുങ്ങിയതാണ് പലേടത്തും വാഹനാപകടങ്ങൾക്ക് വഴിതെളിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഹൈവേ പൊലീസിന്റെ ഇടപെടലും കാര്യക്ഷമമല്ല. രാത്രികാലത്ത് പേരിനുപോലുമില്ല പരിശോധന.