ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ താത്പര്യം അവഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിച്ചത് അരൂരിലെ തോൽവിക്ക് കാരണമായതായി സി.പി.എം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഈഴവർക്ക് ഭൂരിപക്ഷമുള്ള പല കേന്ദ്രങ്ങളിലും കടന്നു ചെല്ലാനായില്ല. പരമ്പരാഗതമായി എൽ.ഡി.എഫിന് കിട്ടിക്കൊണ്ടിരുന്ന ആ വോട്ടുകളെല്ലാം യു.ഡി.എഫിലേക്ക് പോയി എന്ന് ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടി.
അരൂരിലെ സംഘടനാ ദൗർബല്യം പരാജയത്തിന്റെ മറ്റൊരു കാരണമായി. പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാക്കൾക്ക് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റി. തുറവൂർ പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന പി.ജയരാജൻ അടക്കമുള്ള നേതാക്കളുടെ പ്രവർത്തനത്തിൽ ഏകീകരണമുണ്ടായില്ല. അരൂരിൽ പാർട്ടി നേതാക്കളിലും പ്രവർത്തകരിലുമുള്ള വിഭാഗീയത മൂലമാണ് പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയാതെ പോയതെന്നും അഭിപ്രായമുണ്ടായി. ചില നേതാക്കളുടെ പ്രവർത്തനം തൃപ്തികരമായിരുന്നില്ല. തീരദേശമേഖലയിൽ സ്വാധീനമുള്ള നേതാക്കൾ അത് വേണ്ടവിധം ഉപയോഗിച്ചില്ല. അവിടുന്ന് കിട്ടാവുന്ന വോട്ടുകൾ ഇക്കാരണത്താൽ സമാഹരിക്കാനായില്ല. ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പേ ചിലർ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ഇറങ്ങിയതും ദോഷം ചെയ്തു.
മന്ത്രി ജി. സുധാകരന്റെ 'പൂതന" പരാമർശം വോട്ട് കുറയാൻ ഇടയാക്കിയെന്ന് ഒരു ജില്ലാ കമ്മിറ്റി അംഗം യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, മന്ത്രി ഇക്കാര്യം പാടേ തള്ളി. വലിയ അളവിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിലേക്ക് ചോർന്നതുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിലയിരുത്തൽ. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും പരാജയം വിലയിരുത്തി.