മാവേലിക്കര: മിച്ചൽ ജംഗ്ഷനിൽ വാഹനാപകടത്തെത്തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 7.50ന് മിച്ചൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനോട് ചേർന്നായിരുന്നു അപകടം. ഹരിപ്പാട് നിന്നും പത്തനംതിട്ടയ്ക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസ്, കായംകുളത്തു നിന്നും തിരുവല്ലയ്ക്ക് പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ബസിനും ഹൈമാസ്റ്റ് ലൈനിനും ഇടയിൽ പെട്ട കാറിന്റെ മുൻഭാഗം തകർന്നു. പൊലീസ് എത്തിയാണ് വാഹനങ്ങൾ നീക്കിയത്.

വേണാട് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തെ തുടർന്ന് യാത്ര വൈകിയത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.

ബസുകൾ പായുന്നു

രാവിലെ സമയങ്ങളിൽ മിച്ചൽ ജംഗ്ഷനിൽ ബസുകൾ ഉൾപ്പെടെ ചീറി​പ്പായുന്നതായി​ ആക്ഷേപമുണ്ട്. തി​രക്ക് കുറവുള്ള സമയങ്ങളിൽ പോലും ഗതാഗതക്കുരുക്ക് ഇവി​ടെ ഉണ്ടാകാറുണ്ട്. രാവിലെ ഏഴു മുതൽ ഹോം ഗാർഡിനെയോ പൊലീസിനെയോ ഇവിടെ നിയോഗിച്ചാൽ വാഹനങ്ങളുടെ അമിതവേഗതയും അലക്ഷ്യമായ പാർക്കിംഗും നിയന്ത്രിക്കാൻ കഴിയും. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ സിഗ്നൽ ലൈറ്റും തകരാറിലായിരുന്നു. അപകടത്തെ തുടർന്ന് ഉച്ചയോടെ ഇത് ശരിയാക്കി.