photo

ചേർത്തല: കൊച്ചി ദേവസ്വം ബോർഡിന് കീഴിലെ തിരുവില്വാമല ഗ്രൂപ്പിൽ ഉൾപ്പെടുന്ന കുണ്ടിൽ അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ മേൽശാന്തിയായി ചേർത്തല മുഹമ്മ സ്വദേശി വി.ദേവജിത്ത് ചുമതലയേറ്റു.

പുരാതന ക്ഷേത്രമായ ഇവിടെ ആദ്യമായാണ് ഒരു ഈഴവ ശാന്തി മേൽശാന്തിയായി നിയമിക്കപ്പെടുന്നത്. വടക്കൻ പറവൂർ ശ്രീധരൻ തന്ത്രി സ്മാരക ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിൽ നിന്ന് പ്ലസ്ടുവും തുടർന്ന് താന്ത്രികവിദ്യയും വിജയിച്ച ദേവജിത്ത് മുഹമ്മ ദേവഭവനത്തിൽ വിക്രമന്റെയും പ്രസീതയുടെയും മകനാണ്. എസ്.എൻ.ഡി.പി യോഗം മുഹമ്മ പെരുന്തുരുത്ത് 504-ാം നമ്പർ ശാഖയിൽ പുതുതായി നിർമ്മിക്കുന്ന ഗുരു ക്ഷേത്രത്തിൽ ശാന്തിയായി തീരുമാനിച്ചിരിക്കുന്നതിനിടെയാണ് പുതിയ നിയമനം. പറവൂർ രാകേഷ് തന്ത്രിയാണ് ഗുരുനാഥൻ. സ്കൂൾ പഠനത്തിനിടെ 10-ാം വയസുമുതൽ വീടിന് സമീപത്തെ മേക്കാട്ട് ഭദ്രകാളി -ഘണ്ടാകർണ ക്ഷേത്രത്തിലും തുടർന്ന് കോമളപുരം ചാരംപറമ്പ് മഹാദേവ ക്ഷേത്രത്തിലും ശാന്തിയുടെ സഹായിയായിരുന്നു. പിന്നീടാണ് ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിൽ ചേർന്നത്. ദേവികയാണ് ഏക സഹോദരി.