തുറവൂർ: വെള്ളക്കെടുതി വിലയിരുത്താൻ എത്തിയ ഉദ്യോഗസ്ഥരെ സി.പി.എം അനുഭാവികളുടെ വീടുകളിൽ മാത്രം കൊണ്ടുപോയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സി.പി.എമ്മുകാരുടെ മർദ്ദനമേറ്റ കോൺഗ്രസ് പ്രവർത്തകനെ ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
തുറവൂർ പഞ്ചായത്തിലെ വെട്ടിയകാട്, പുത്തൻകാട് എന്നീ പ്രദേശങ്ങളിൽ മഴക്കെടുതി മൂലം ക്യാമ്പിലേക്കു മാറ്റിയവരെ പിരിച്ചു വിടുന്നതിനു മുന്നോടിയായി റവന്യു ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതാവും എൽ.ഡി.എഫ് പഞ്ചായത്ത് അംഗവും ചേർന്ന് സി.പി.എം അനുഭാവികളുടെ വീടുകളിൽ മാത്രം ഉദ്യോഗസ്ഥരെ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ തുറവൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു പ്രസിഡന്റ് ജെയ്സൺ കുറ്റിപ്പുറം അദ്ധ്യക്ഷനായി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ബി.ജോൺസൺ, സെക്രട്ടറി എം.എസ്.സന്തോഷ് എന്നിവർ സംസാരിച്ചു.