തട്ടിപ്പ് കണ്ടെത്തിയത് ഇൻഷ്വറൻസ് കമ്പനി അധികൃതർ
ഹരിപ്പാട്: കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കാറുടമകൾ വ്യാജ ഇൻഷ്വറൻസ് പോളിസി ഹാജരാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി പരാതി. ഇൻഷ്വറൻസ് കമ്പനി അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
2017 സെപ്തംബർ 15ന് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ചെറുതന ചക്കരേത്ത് ഷിബീഷ് ഭവനിൽ ഷിബീഷാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറിന് ഈ സമയം ഇൻഷ്വറൻസ് ഇല്ലായിരുന്നു. പഴയൊരു പോളിസിയിൽ തീയതി തിരുത്തി പൊലീസിന് കൈമാറുകയായിരുന്നെന്നാണ് കേസ്. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുടെ എറണാകുളം റീജണൽ ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജറുടെപരാതിയിലാണ് പൊലീസ് കേസെടുത്തത്. എറണാകുളം പാലാരിവട്ടം യു.ബി.സി എൻജിനീയറിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. കമ്പനിയുടെ മാനേജിഗ് ഡയറക്ടർ, ഡ്രൈവർ എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. 2017 ആഗസ്റ്റ് 16ന് ഇൻഷ്വറൻസ് കമ്പനിയുടെ തൃശൂർ ഓഫീസിൽ നിന്ന് എടുത്ത പോളിസിയെന്ന പേരിലാണ് രേഖകൾ ഹാജരാക്കിയത്. കമ്പനി നടത്തിയ പരിശോധനയിലാണ് പോളിസി വ്യാജമാണെന്ന് കണ്ടെത്തിയത്. കാറിന് ഇൻഷ്വറൻസ് ഇല്ലെങ്കിൽ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കാറുടമ സ്വന്തമായി നഷ്ടപരിഹാരം നൽകേണ്ടിവരും. ഇതിൽ നിന്നു രക്ഷപ്പെടാൻ വ്യാജ പോളിസി ഉണ്ടാക്കിയതാകാമെന്ന് പൊലീസ് പറഞ്ഞു.