കായംകുളം:ശ്രീനാരായണ ഗുരുദേവൻ ഗുരുമുഖത്ത് നിന്നു വിദ്യ അഭ്യസിച്ച കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരി ശിവഗിരി മഠം ഏറ്റെടുക്കും. സ്ഥലം സന്ദർശിച്ച സ്വാമിമാർ വിലയിലും ധാരണയിലെത്തി. താമസിയാതെ കൈമാറ്റം നടക്കും.

ഏതു നിമിഷവും തകർന്നു വീഴാറായ കളരിയെ പറ്റി നവംബർ 4 ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മഠത്തിന്റെ ഇടപെടൽ.

ഗുരുദേവൻ കായംകുളം പുതുപ്പള്ളി വാരണപ്പള്ളി വീട്ടിൽ താമസിച്ച് കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്നു വിദ്യ അഭ്യസിച്ചത് ചേവണ്ണൂർ തറവാടിനോടനുബന്ധിച്ചുള്ള ഒറ്റ മുറിയും വരാന്തയുമുള്ള ഈ കളരിയിലാണ്. പുതുപ്പള്ളി എസ്.ആർ.വി.എൽ.പി സ്‌കൂളിലെ റിട്ട ഹെഡ്മിസ്ട്രസ് ചെല്ലമ്മയുടെ (96) ഇളയമകൾ ചേപ്പാട് കാഞ്ഞൂരിൽ താമസിക്കുന്ന ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലാണ് കളരിയും തറവാടും ഉൾപ്പെടുന്ന 1.77 ഏക്കർ ഭൂമി. ഭൂമിക്കായി പലരും എത്തിയെങ്കിലും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് മാത്രമേ ഇത് കൈമാറൂ എന്ന പ്രതിജ്ഞയിലായിരുന്നു ഈ നായർ കുടുംബം. ഗുരുദേവന്റെ പവിത്രഭൂമി വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന കൈകളിൽ എത്തിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇവർ. കളരിയുടെ തെക്കുവശത്താണ് ടീച്ചറുടെ താമസം.

കൊല്ലവർഷം 1053ൽ 21-ാമത്തെ വയസിലാണ് ഗുരുദേവൻ വാരണപ്പള്ളിയിൽ എത്തുന്നത്. കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസവും അതിനായി താമസ സൗകര്യവും നൽകുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ധീരനായിരുന്നു അന്നത്തെ തറവാട്ട് കാരണവർ കറുത്ത കൊച്ചുകൃഷ്ണപ്പണിക്കർ. ദൂരെ ദേശങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് അൽപം അകലെയുള്ള ചേവണ്ണൂർ കളരിയിലെത്തി കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്നു സംസ്കൃതം അഭ്യസിച്ചിരുന്നു.

ഗുരുദേവൻ നാല് വർഷമാണ് ഇവിടെ താമസിച്ചത്. നിത്യവും മറ്റ് വിദ്യാർത്ഥികൾക്കൊപ്പം കളരിയിൽ പോയി തർക്കവും വ്യാകരണവും കാവ്യ നാടകങ്ങളും അലങ്കാരങ്ങളും മേഘസന്ദേശവും അഭ്യസിച്ചു. പെരുന്നെല്ലി കൃഷ്ണൻ, വെളുത്തേരി, മൂലൂർ, പടിക്കാത്തറയിലെ കാരണവർ തുടങ്ങിയവരായിരുന്നു സഹപാഠികൾ. അവർണ്ണർക്ക് വിദ്യ പകരുന്നത് വ്രതമാക്കിയ ആചാര്യനായിരുന്നു രാമൻപിള്ള ആശാൻ. അറിവ് നേടുന്ന അവർണ്ണന്റെ ചെവിയിൽ ജാതിക്കോമരങ്ങൾ ഈയം ഉരുക്കി ഒഴിച്ചിരുന്ന കാലമായിരുന്നു അത്.

ജീർണ്ണിച്ച് നിലം പൊത്താവുന്ന അവസ്ഥയിലാണ് ഇപ്പോൾ കളരി. ശിവഗിരി മഠം ഏറ്റെടുത്ത് പുനരുദ്ധരിക്കുന്നതോടെ മഹാഗുരുവിന്റെ ഈ വിദ്യാലയം വരും തലമുറയ്‌ക്ക് വഴികാട്ടിയാകും.