യാത്രക്കാർക്ക് ഭീഷണിയായി തോട്ടപ്പള്ളി സ്പിൽവേ
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഗതാഗത തടസമുണ്ടായാൽ മറുവഴിയെന്തെന്ന ചിന്തയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരത്തിനുള്ള പദ്ധതികൾ അധികൃതരുടെ ചിന്തയിൽപ്പോലും ഇല്ലാതായി. ഒരു ബൈക്കപകടം ഉണ്ടായാൽ പോലും പാലം പണിമുടക്കും. ഫലമോ, പാലത്തിലെ അപകട സ്ഥലത്തു തുടങ്ങി ഇരു വശത്തേക്കും കിലോമീറ്ററുകൾ ദൈർഘ്യത്തിൽ വാഹനങ്ങൾ കുരുങ്ങിവലയും. സ്പിൽവേയിൽ അപകടങ്ങളും തുടർന്നുള്ള ഗതാഗത തടസങ്ങളും പതിവായതോടെ വലയുന്നത് ദീർഘദൂര യാത്രികരാണ്.
ഇന്നലെ പുലർച്ചെ 4.15ന് സ്പിൽവേ പാലത്തിൽ ടാങ്കർലോറിയും ടോറസ് ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് അഞ്ച് മണിക്കൂറാണ് ദേശീയപാതയിൽ ഗതാഗതം നിലച്ചത്. സമാന്തര പാതയായ നെടുമുടി- കരുവാറ്റ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ തോട്ടപ്പള്ളയിൽ ഗതാഗത തടസം ഉണ്ടാകുമ്പോൾ കരുവാറ്റ വഴിയമ്പലത്തിൽ നിന്ന് വാഹനങ്ങൾ തിരിച്ചു വിട്ട് എ.സി റോഡിൽ എത്താൻ സാധിക്കും. ഇത് ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. എന്നാൽ നിർമ്മാണം തുടങ്ങി 40 വർഷമായിട്ടും ഈ സമാന്തരപാത യാഥാർത്ഥ്യമായിട്ടില്ല. ഇപ്പോൾ സ്പിൽവേ പാലത്തിൽ ഗതാഗത തടസമുണ്ടാകുമ്പോൾ ഹരിപ്പാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വീയപുരം വഴിയും ആലപ്പുഴ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല റോഡു വഴിയുമാണ് തിരിച്ചു വിടുന്നത്.
ഹരിപ്പാട്- എടത്വ റോഡിൽ വീയപുരം മുതൽ കോഴിമുക്ക് വരെയുള്ള ഭാഗം പാടത്തിന് മദ്ധ്യത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ നേർക്കുനേർ വന്നാൽ അവിടെയും കുരുക്കുണ്ടാവും.
............................................
അമ്പലപ്പുഴ - ഹരിപ്പാട് ദേശീയപാത: 19.7കിലോമീറ്റർ
എടത്വ വഴി ഹരിപ്പാട്- അമ്പലപ്പുഴ ദൂരം: 28 കിലോമീറ്റർ
...........................................
# ഇഴയുന്ന സമാന്തരം
അമ്പലപ്പുഴ- ഹരിപ്പാട് ദേശീയപാതയ്ക്ക് സമാന്തരപാത ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ജില്ലയിൽ ദേശീയപാതയിലെ നീളംകൂടിയ പാലമാണ് തോട്ടപ്പള്ളിയിലേത്, 365 മീറ്റർ. സമാന്തരമായി നെടുമുടി- കരുവാറ്റ പാതയുടെ നിർമ്മാണം 40 വർഷം മുമ്പ് ആരംഭിച്ചു. റോഡിന്റെ നിർമ്മാണത്തിന് ജീവൻ വച്ചത് 2001- 2006ൽ അഡ്വ. ഡി.സുഗതൻ അമ്പലപ്പുഴ എം.എൽ.എ ആയിരുന്ന കാലത്തായിരുന്നു. തുടർന്ന് അമ്പലപ്പുഴ എം.എൽ.എ ആയ മന്ത്രി ജി.സുധാകരൻ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണത്തിന് കൂടുതൽ തുക അനുവദിച്ചു. കരുവാറ്റ പഞ്ചായത്തിൽ എത്തിയപ്പോൾ സ്ഥലം ഏറ്റെടുക്കുന്നതിൽ തടസമുണ്ടായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇടപെട്ടാണ് ഇതു പരിഹരിച്ചത്. കരുവാറ്റ ലീഡിംഗ്ചാനലിൽ പാലം നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്.
.......................................
# സ്പിൽവേയും പരിമിതികളും
പരിഗണിച്ചത് 1950 കാലഘട്ടത്തിലെ വാഹനപ്പെരുപ്പം
നിലവിലെ അവസ്ഥ പരിഗണിക്കുമ്പോൾ പാലത്തിന് വീതി കുറവ്
വലിയ രണ്ട് വാഹനങ്ങൾ എതിരെ വന്നാൽ ബുദ്ധിമുട്ടും
വീതികുറഞ്ഞ പാലത്തിലെ ഓവർടേക്കിംഗും അപകടകരം
സമാന്തരമായി നടപ്പാത നിർമ്മിച്ചത് ഏക പരിഷ്കാരം
..............................................
# തോട്ടപ്പള്ളി സ്പിൽവേ
ഉദ്ഘാടനം: 1954
നീളം: 365 മീറ്റർ