col

ആലപ്പുഴ: 'ഭരണസംവിധാനം ഒരു യന്ത്രമാണ്. മലയാറ്റൂർ രാമകൃഷ്ണൻെറ 'യന്ത്രം' നോവലിൽ പറയുന്നതുപോലത്തെ യന്ത്രം. അതിൻെറ സ്പെയർപാർട്സുകൾ മാറിക്കൊണ്ടിരിക്കും" ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിനെപ്പറ്റി കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞതാണിത്.

'നാല് മാസം കൊണ്ട് എനിക്ക് കഴിയുന്നതെല്ലാം ചെയ്തു. എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു. ഒരു പരാതിയും പരിഭവവുമില്ലാതെ സന്തോഷത്തോടെയാണ് വിടവാങ്ങുന്നത് '-അസാപ്പിൻെറ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ പറഞ്ഞു. കളക്ടർ എന്നനിലയിൽ ആലപ്പുഴയിൽ അവസാനത്തെ വാർത്താസമ്മേളനത്തിനെത്തിയ അദീല അബ്ദുള്ള മാദ്ധ്യമ പ്രവർത്തകർക്കൊപ്പം സെൽഫിയെടുത്തിട്ടാണ് മടങ്ങിയത്.

 മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോ?

അങ്ങനെയൊന്നില്ല. രാഷ്ട്രീയക്കാരുടെയെല്ലാം പിന്തുണയുണ്ടായിരുന്നു.

അരൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും?

ഒന്നുമില്ല. ബൂത്തുകളിൽ കാമറ വച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യാതൊരുവിധ തടസങ്ങളുമില്ലായിരുന്നു.

 കളക്ടർ ജോലി സ്വതന്ത്ര ജോലിയായി തോന്നുന്നുണ്ടോ?

സിവിൽ സർവീസ് ഇന്റർവ്യൂവിന് എന്നോട് ചോദിച്ച ചോദ്യമാണിത്. ഇൻഡിപെൻഡന്റ് ജോലിയല്ല. അങ്ങനെ പ്രവർത്തിക്കാനാവില്ലല്ലോ. ഇതൊരു ഭരണസംവിധാനമല്ലേ. അതിനകത്ത് നിന്നേ പ്രവർത്തിക്കാനാകൂ.

 ഡോക്ടറായിട്ടാണല്ലോ കളക്ടറായത്. ഏത് ജോലിയാണ് നല്ലതെന്ന് തോന്നുന്നത്?

ഡോക്ടർ ആയിരുന്നപ്പോഴും ഞാനിങ്ങനെയൊക്കെ തന്നെയായിരുന്നു. എവിടെയായാലും ആത്മാർത്ഥത കാട്ടും. അത് ഗൈനക്കോളജി മുറിയിലായാലും കളക്ടറുടെ മുറിയിലായാലും.

 സിവിൽ സർവീസുകാർ രാഷ്ട്രീയക്കാരുടെ അടിമയാണെന്ന ഒരു പൊതുധാരണയുണ്ടല്ലോ?

രാഷ്ട്രീയ അടിമയല്ല. ഇതൊരു സംവിധാനമല്ലേ.

 ആലപ്പുഴയിലെ അനുഭവത്തിൽ മനസിൽ തങ്ങി നിൽക്കുന്നത്?

വിദ്യാഭ്യാസ വായ്പ എടുത്ത ഒരുപാട് പേരുണ്ട്. തിരിച്ചടയ്ക്കാൻ കഴിയാതെ വിഷമിക്കുന്നവർ. അതെൻെറ മനസിൽ നിറയുകയാണ്. അതിനെ എങ്ങനെ പരിഹരിക്കാമെന്നാണ് ചിന്ത.

 കൊല്ലം കളക്ടറേയായിരുന്നല്ലോ വയനാട്ടിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത്?

കൊല്ലം കളക്ടർക്ക് വയനാട്ടിൽ പോകാൻ ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാണ് തന്നിലേക്ക് വന്നത്.