ആലപ്പുഴ: യാത്രക്കാരുടെ വിശപ്പകറ്റാൻ 'പാഥേയ'മൊരുക്കി ആലപ്പുഴ രാമവർമ്മ ക്ളബ്ബും ലയൺസ് ക്ളബ്ബ് ഒഫ് പുന്നപ്രയും.
ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനു സമീപമുള്ള രാമവർമ്മ ക്ളബിൻെറ മതിലിലാണ് പാഥേയം സജ്ജമാക്കുന്നത്. ഇതിൽ സംഭരിക്കുന്ന ആഹാരം ആർക്കുമെടുക്കാം. മനസുള്ളവർക്ക് പാഥേയത്തിൽ ആഹാരം കൊണ്ടുവയ്ക്കുകയും ചെയ്യാം. എടുത്തു കൊടുക്കാനോ വാങ്ങി വയ്ക്കാനോ ആരുമുണ്ടാവില്ല.
വീടുകളിൽ മിച്ചം വരുന്ന ആഹാരം പൊതിയാക്കി വൃത്തിയോടെ പാഥേയത്തിൽ എത്തിക്കണമെന്നാണ് സംഘാടകർ പറയുന്നത്. അങ്ങനെ പലതുള്ളി പെരുവെള്ളമാകുന്നതുപോലെ പാഥേയം ആഹാരപ്പൊതികൾ കൊണ്ട് നിറയും. ഇന്ന് രാവിലെ 10ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിക്കും. പരിസരത്തുള്ള ആട്ടോ തൊഴിലാളികളുടെയും മറ്റും സഹകരണവും ഇതിന് പിന്നിലുണ്ട്.