ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടർ ( ചുഴലിക്കാറ്റ് പ്രതിരോധ അഭയകേന്ദ്രം) മാരാരിക്കുളത്ത് അടുത്തമാസം അവസാനം പ്രവർത്തനം ആരംഭിക്കും.

ചുഴലിക്കാറ്റ്, ഇതര പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ വിഷമഘട്ടത്തിലാകുന്ന ജനങ്ങൾക്ക് താമസിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് സജ്ജമാകുന്നത്. സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം സംസ്ഥാനത്താകമാനം വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്നത്.

ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അതോറിട്ടിയുടെ കീഴിൽ ജില്ലയിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടറാണ് മാരാരിക്കുളത്ത് നിർമ്മാണം പൂർത്തിയാകുന്നത്. പഞ്ചായത്തിന്റേയും ദുരന്തനിവാരണ അതോറിട്ടിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി.

ഡിസംബറിൽ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന്റെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കും.

യോഗത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ആന്റണി, ഫിഷറീസ് സബ്ബ് ഇൻസ്‌പെക്ടർ സൂര്യ ,പി ഡബ്ളിയു എ.ഇ.ഷ്യാന, ഹസാർഡ് അനലിസ്റ്റ് ചിന്തു മോൾ, ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥൻ പി.എസ്.സാബു, വാർഡ് അംഗം രമണൻ എന്നിവർ പങ്കെടുത്തു.

അഭയകേന്ദ്രത്തിൽ

കെട്ടിട സമുച്ചയം മൂന്നു നിലയിൽ

 നിർമ്മാണ ചെലവ്.3,53 ,88,736 രൂപ

ആയിരത്തോളംപേർക്ക് താമസിക്കാനുള്ള സൗകര്യം.

അടുക്കള, ഹാളുകൾ ,ശൗചാലയ സമുച്ചയങ്ങൾ,

 വികലാംഗകർക്ക് പ്രവേശിക്കാനുള്ള റാമ്പ്

 പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കെട്ടിടം പരിപാലിക്കും.

 ദുരന്തകാലഘട്ടമല്ലാത്ത അവസരങ്ങളിൽ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കും.