ആലപ്പുഴ: സവാളയുടെ വില സർവകാല റെക്കാഡിലേക്ക് കുതിച്ചുയരുന്നു. സവാള ഒരു കിലോയ്ക്ക് ഒരാഴ്ച മുമ്പ് 60 രൂപയായിരുന്നെങ്കിൽ ഇന്നലെ ഇത് 80 രൂപയായി വർദ്ധിച്ചു. കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ കനത്ത മഴമൂലം കൃഷിനാശം സംഭവിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. ഡൽഹിയിൽ സവാള വില കിലോയ്ക്ക് 100 രൂപയാണ്. ചെറിയ ഉള്ളിവില കിലോയ്ക്ക് 60 രൂപയിൽ നിന്ന് 80 രൂപയായി കുതിച്ചു.

ഒരാഴ്ച മുമ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെതുടർന്ന് വില കുറയുന്നതിൻെറ സൂചനകളുണ്ടായിരുന്നു. എന്നാൽ പൊടുന്നനെ വീണ്ടും വില ഉയർന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സവാള വരവ് നന്നേ കുറഞ്ഞു. മുമ്പ് നൂറുകണക്കിന് ലോഡ് സവാളയാണ് ആലപ്പുഴ മാർക്കറ്റിൽ എത്തിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോഴത് പകുതിയായി കുറഞ്ഞു.

പൊള്ളും സവാള

ഒരാഴ്ച മുമ്പ് വില (കിലോഗ്രാമിന് ) 60 രൂപ

ഇന്നലത്തെ വില 80 രൂപ

വരവ് കുറഞ്ഞു

 ജില്ലയിലേക്കുള്ള സവാള വരവ് പകുതിയായി കുറഞ്ഞു

 മഹാരാഷ്ട്രയിൽ നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്

 സവാള ക്ഷാമം രൂക്ഷമായതോടെ ഇടനിലക്കാരും കൊയ്ത്ത് തുടങ്ങി

വില ഇനിയും കൂടിയേക്കും

മദ്ധ്യപ്രദേശിലെ ഭോപാലിൽ 80 രൂപയാണ് ഇപ്പോൾ സവാളയ്ക്ക് കിലോഗ്രാമിന് വില. അത് 120 രൂപ വരെ ഉയരാൻ സാദ്ധ്യതയുണ്ട്. ഒഡീഷയിലും മുംബയിലും വില 70 രൂപയിലെത്തി. ചെന്നൈയിൽ കിലോയ്ക്ക് 90 രൂപയാണ്.

മഹാരാഷ്ട്രയിലെ സവാള കൃഷി മേഖലകളിൽ കാലം തെറ്റിയുള്ള മഴമൂലം വിള നശിച്ചതാണ് വില ഇത്രയും ഉയരാനുള്ള കാരണം. 54 ലക്ഷം ഹെക്ടർ വിളയാണ് നശിച്ചത്. ആഗസ്റ്റിലും സെപ്റ്റംബറിലും സവാള വില 80 രൂപയിലേക്ക് കുതിച്ചിരുന്നു.