# ആലപ്പുഴ- എറണാകുളം പാസഞ്ചർ ട്രെയിനിൽ കരിദിനം
ആലപ്പുഴ: ആലപ്പുഴ- എറണാകുളം പാസഞ്ചർ ട്രെയിൻ നിറുത്തലാക്കി 'മെമു' തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് തീരദേശ യാത്രക്കാരുടെ കരിദിനാചരണം. 16 ബോഗികളിലായി മൂവായിരത്തിലേറെ യാത്രക്കാർ പ്രതിദിനം യാത്ര ചെയ്തിരുന്ന പാസഞ്ചർ നിറുത്തലാക്കിയതിനാൽ, 12 ബോഗികളുള്ള മെമുവിൽ തങ്ങൾ അറവുമാടുകളെ പോലെ യാത്ര ചെയ്യേണ്ടി വരുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
കറുത്ത ബാഡ്‌ജ് ധരിച്ചായിരുന്നു ഇന്നലെ യാത്രക്കാർ എത്തിയത്. ദുരിതങ്ങൾ എണ്ണമിട്ടു നിരത്തി എല്ലാ സ്റ്റേഷൻമാസ്റ്റർമാർക്കും നിവേദനം നൽകി. എറണാകുളം സൗത്ത് സ്റ്റേഷനിൽ രണ്ടായിരത്തോളം യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുടെ കാബിനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയാണ് സമരം അവസാനിപ്പിച്ചത്. രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിനിന് പകരം കഴിഞ്ഞയാഴ്ച മുതലാണ് മെമു ഏർപ്പെടുത്തിയത്.
സ്ഥിരം യാത്രക്കാരുള്ള പാസഞ്ചർ ട്രെയിനുകളോട് റെയിൽവേ കാട്ടുന്ന അവഗണനയുടെ ഉദാഹരണങ്ങളിലൊന്നാണ് പാസഞ്ചറിനു പകരമുള്ള മെമുവിന്റെ വരവെന്ന് യാത്രക്കാർ ആരോപിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ളവർക്ക് യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്. റെയിൽവേ മന്ത്രിക്കും റെയിൽവേ അധികൃതർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുകയാണ് അടുത്തപടി.
മെമു വേണ്ട
മെമുവിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുക, അല്ലെങ്കിൽ ഒരു മെമു കൂടി സർവീസ് നടത്തുക; യാത്രക്കാരുടെ ആവശ്യം ഇതാണ്. 56302-ാം നമ്പർ പാസഞ്ചറാണ് നിറുത്തിയത്. സ്ഥിരം യാത്രക്കാരായിരുന്നു ഭൂരിഭാഗം പേരും. മെമുവിൽ 12 ബോഗികളേയുള്ളൂ. ചിലപ്പോൾ പതിനൊന്നും പത്തുമൊക്കെയായി ചുരുങ്ങും. ഇതിൽ റിസർവേഷനുള്ള ബോഗികളിൽ സാധാരണ യാത്രക്കാർക്ക് കയറാനാവില്ല. തുറവൂർ, എഴുപുന്ന, അരൂർ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് വണ്ടിയിൽ കയറാൻ കഴിയാറില്ലെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓൺ റെയിൽസ്' ഭാരവാഹികൾ ദിനു, ശിവപ്രസാദ്, ജെ. ലിയോൺസ് തുടങ്ങിയവർ പറഞ്ഞു. നിരന്തര സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി മൂന്നു മാസം മുമ്പാണ് പാസഞ്ചർ 16 ബോഗിയുമായി ഓടിത്തുടങ്ങിയത്. അതിനിടയിലാണ് ബോഗികൾ കുറഞ്ഞ മെമു വന്നത്.
...................................
# കാരണം അവ്യക്തം
പാസഞ്ചർ നിറുത്തലാക്കി മെമു ഏർപ്പെടുത്താനുള്ള കാരണം റെയിൽവേ വ്യക്തമാക്കുന്നില്ല. ലോക്കോ പൈലറ്റുമാരുടെ ക്ഷാമമാണ് പറഞ്ഞുകേൾക്കുന്ന ഒന്ന്. മെമു പിന്നെ ആരാണ് ഓടിക്കുന്നതെന്ന് യാത്രക്കാരുടെ സംശയത്തിനും മറുപടിയില്ല!
.........................................
'ദീർഘകാല ആവശ്യങ്ങളെ തുടർന്നാണ് മെമു സർവീസ് തുടങ്ങിയത്. പുതിയൊരു സർവീസ് ഇതേ റൂട്ടിൽ തുടങ്ങുന്നതും കൂടുതൽ ബോഗി ഘടിപ്പിക്കുന്നതുമെല്ലാം അപ്രായോഗികമാണ്. റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മെമു വന്നതോടെ 15 മിനുട്ടോളം സമയ ലാഭമുണ്ടെന്ന് അഭിപ്രായമുള്ള യാത്രക്കാരുമുണ്ട്'
(റെയിൽവേ അധികൃതർ)