അമ്പലപ്പുഴ: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റി ഗോപാല കഷായം എന്നാക്കി പേറ്റന്റ് ഉറപ്പിക്കുവാനുള്ള ദേവസ്വം ബോർഡ് ശ്രമം ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് വി.എച്ച്.പി അമ്പലപ്പുഴ പ്രഖണ്ഡ് സമിതി ആരോപിച്ചു. വർഷങ്ങളായി സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ സ്വന്തം ഉത്പന്നത്തിന് അമ്പലപ്പുഴ പാൽപായസം എന്ന പേരു നൽകി വിൽക്കുന്നുണ്ട്. പേരുമാറ്റാനുള്ള തീരുമാനത്തിൽ ഭക്തർക്കുള്ള വിഷമം അധികൃതർ മനസിലാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണൻ പറഞ്ഞു. സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൈലാസം രാജപ്പൻ, എൻ. വിജയകുമാർ, ആർ.രാമവർമ്മ, ആർ. രാധാകൃഷ്ണൻ, സി.എൻ. ചന്ദ്രമോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.