ആലപ്പുഴ: അരൂരിലെ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ നടന്ന സി.പി.എം യോഗത്തിൽ മന്ത്രി ജി. സുധാകരനെതിരെ വിമർശനമെന്ന പേരിൽ വാർത്ത പ്രചരിച്ച സംഭവം പാർട്ടിയിൽ വിവാദമാവുന്നു. വ്യാജവാർത്ത സൃഷ്ടിച്ച 'രാഷ്ട്രീയ ക്രിമിനലു'കളെ വിശ്വസിക്കരുതെന്ന് മാദ്ധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറയുകയും ചെയ്തു.

തോൽവിക്കു കാരണം താൻ നടത്തിയെന്നു പറയുന്ന പരാമർശമാണെന്ന വിധത്തിൽ ഒരു ചർച്ച നടന്നിട്ടേയില്ലെന്ന് ജി. സുധാകരൻ വിശദീകരിക്കുന്നു. വിജയിക്കുമായിരുന്ന സീറ്റിൽ തോൽവി സമ്മാനിച്ചതിനു പിന്നിൽ പാർട്ടിയിൽ തന്നെയുള്ള ശക്തികളാണെന്ന ആരോപണം ശക്തമാണ്.

പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കോൺഗ്രസിൻെറ കുത്തകയായിരുന്ന വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനെ നിസാരമായി കാണാനാവില്ല എന്നാണ് നേതൃത്വം കരുതുന്നത്.

 പരസ്യമായി പറയണം: മന്ത്രി

അരൂരിലെ തോൽവിക്ക് കാരണം താനാണെന്ന് ഏതെങ്കിലും ജില്ലാ കമ്മിറ്റി അംഗം മാദ്ധ്യമങ്ങളോട് പങ്കു വച്ചിട്ടുണ്ടെങ്കിൽ അത് പരസ്യമായി പറയണമെന്ന് മന്ത്രി ജി. സുധാകരൻ ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.

'അരൂരിലെ പരാജയത്തെപ്പറ്റി മാദ്ധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണരുത്. പരാജയകാരണങ്ങൾ വ്യക്തമായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അവിടെ ഉത്തരവാദിത്വപ്പെട്ട ആരും ഞാനാണ് കാരണക്കാരൻ എന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുൻപന്തിയിൽ പ്രവർത്തിച്ചുവെന്നാണ് പറഞ്ഞത്. പത്ത് മണിക്കൂറോളം നീണ്ട ത്രിതല പരിശോധനയിൽ പരാജയ കാരണങ്ങൾ വ്യക്തമായി ആലപ്പുഴ പാർട്ടി ഘടകം വിലയിരുത്തിയിട്ടുണ്ട്. ഞാൻ അതിൽ സംബന്ധിച്ചിരുന്നു..

തന്റെ വിജയം പൂതന പ്രയോഗം കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും ഷാനിമോൾ പോലും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചാരണം വഴി വീഴ്ചകൾ മറച്ച് വയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷൻ കമ്മിഷൻ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകൾ പറയുന്നത് വിശ്വസിക്കരുതെന്ന് മാദ്ധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു'- ജി. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.