ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ എ.സി ചിൽ ബസുകൾക്ക് ആലപ്പുഴയിൽ ഏർപ്പെടുത്തിയിരുന്ന സീറ്റ് ബുക്കിംഗ് സൗകര്യം പിൻവലിച്ചു. തേവരയിലാണ് ഇനി സർവ്വീസുകൾ കേന്ദ്രീകരിക്കുന്നത്. ആലപ്പുഴ വഴിയുള്ള റൂട്ടിലും വ്യത്യാസം വരുത്തിയത് യാത്രക്കാർക്ക് തിരിച്ചടിയായി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 14 ചിൽ ബസുകൾ ജില്ലയ്ക്ക് അനുവദിച്ചിരുന്നു. ഓരോ മണിക്കൂറിലും ആലപ്പുഴയിൽ നിന്നു എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്താനായിരുന്നു ബസുകൾ അനുവദിച്ചത്. തിരുവനന്തപുരം- എറണാകുളം റൂട്ടിൽ 6 സർവീസുകൾ ആലപ്പുഴ ഡിപ്പോയിൽ നിന്നു നടത്തിയിരുന്നു. 25,000-30,000 രൂപയായിരുന്നു പ്രതിദിന വരുമാനം. വാരാന്ത്യങ്ങളിൽ 40,000 രൂപ വരെ ലഭിച്ചിരുന്നു. പക്ഷേ വരുമാനം കൂപ്പുകുത്തി. 16,000- 22,000 രൂപയാണ് നിലവിലെ പ്രതിദിന വരുമാനം. തിരുവനന്തപുരം -എറണാകുളം രാത്രി ട്രിപ്പുകൾ 1000 രൂപയ്ക്ക് താഴെ വരുമാനം നേടിയ ദിവസങ്ങളുണ്ട്.

ചെയിൻ സർവീസ് എന്ന പേരിൽ കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയ പരിഷ്‌കരണം പൂർണ്ണ പരാജയമാണെന്നതിന്റെ തെളിവാണ് ചിൽ ബസുകളുടെ പിൻമാറ്റം. പല യൂണിറ്റുകളിലും മികച്ച വരുമാനം നേടിയിരുന്ന ഫാസ്റ്റ് , സൂപ്പർ ഫാസ്റ്റ് , എ സി സർവീസുകൾ പരിഷ്‌കരണത്തിന്റെ പേരിൽ പിൻവലിച്ചത് യാത്രാദുരിതത്തിന് കാരണമാകുകയും ചെയ്തു. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് ശബരിമല സ്‌പെഷ്യൽ സർവീസുകൾക്കായി ചിൽ ബസുകൾ പിൻവലിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.