ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അപാകതകളും കുടിവെള്ള പ്രശ്നവും പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി.
ആലപ്പുഴ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അതിന്റെ പ്രാരംഭ ഘട്ടം മുതൽതന്നെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും അഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആശ്രയമാണിത്. രണ്ടു വർഷത്തിനിടെ 43 തവണയാണ് പൈപ്പ് പൊട്ടിയത്. പൊതുമരാമത്ത് വകുപ്പുമായുള്ള തർക്കം മൂലം പ്രശ്ന പരിഹാരം നീണ്ടുപോകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിലുള്ള സാഹചര്യത്തിന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കണമെന്ന് നിവേദക സംഘം ആവശ്യപ്പെട്ടു. 12ന് അതത് വകുപ്പ് മന്ത്രിമാർ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൈസ് ചെയർപേഴ്സൺ സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, എ.എ. റസാഖ്, ബിന്ദു തോമസ് തുടങ്ങിയവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.