ജില്ലയിലെ പക്ഷിക്കൂട്ടത്തിൽ പുതിയ അതിഥി
ചേർത്തല: ഹിമാലയത്തിൽ പ്രജനനം നടത്തുകയും വനങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രം കാണപ്പെടുകയും ചെയ്യുന്ന 'ചെമ്പുവാലൻ പാറ്റാപ്പിടിയൻ' എന്നയിനം ദേശാടനപ്പക്ഷിയെ ചേർത്തലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്തിലെ മായിത്തറ ഇലഞ്ഞിപ്പാടത്താണ്, കടക്കരപ്പള്ളി വില്ലേജ് ഓഫീസറും പക്ഷിനിരീക്ഷകനുമായ കെ.ഗിരീഷ്‌കുമാർ കഴിഞ്ഞ ദിവസം പുതിയ അതിഥിയെ തിരിച്ചറിഞ്ഞത്. ഇതോടെ ജില്ലയിലെ പക്ഷിക്കൂട്ടത്തിൽ 295 ഇനം പക്ഷികളായി.
ആലപ്പുഴയിൽ ഈ ദേശാടകനെ ഇതാദ്യമാണ് കണ്ടെത്തുന്നത്. മരങ്ങളുടെ ഏറ്റവും മുകളിലെ ഇലക്കൂട്ടങ്ങളിൽ ഇരുന്ന് പാറ്റാവേട്ടയാണ് ഇവയുടെ രീതി. വാലിന് ചെമ്പൻനിറവും ദേഹത്തിന് തവിട്ടുനിറവുമാണ്.
ഹിമാലയത്തിൽ പ്രജനനത്തിനു ശേഷം പക്ഷിക്കുഞ്ഞുങ്ങളുമായി യാത്രതിരിക്കും. അടുത്ത പ്രജനനകാലത്ത് വീണ്ടും ഹിമാലയത്തിൽ എത്തും. വനത്തിലും സമീപത്തും മാത്രം കാണപ്പെടുന്ന ഈ പക്ഷി കാലാവസ്ഥാ വ്യതിയാനം കൊണ്ടാകാം വനമില്ലാത്ത ആലപ്പുഴയുടെ കരപ്പുറത്ത് എത്താൻ കാരണമെന്നാണ് കരുതുന്നത്. 'റസ്റ്റി ടെയ്ൽഡ് ഫ്‌ളൈക്യാച്ചർ' എന്നാണ് അന്താരാഷ്ട്ര തലത്തിൽ ഇവ അറിയപ്പെടുന്നത്.
പക്ഷിനിരീക്ഷക കുടുംബമാണ് ഗിരീഷിന്റേത്. ഭാര്യ എ.വി.പ്രിയയും മകൻ ചേർത്തല തെക്ക് ഗവ.ജി.എച്ച്.എസ്.എസിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ജി.ആദർശും മകൾ കരുവ എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജി.ഹസീനയും പക്ഷി നിരീക്ഷണത്തിൽ തത്പരരാണ്.