photo

ചേർത്തല:ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷനിൽ അപകടം പതിവായിട്ടും അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വയലാർ ഫാൻസ് അസോസിയേഷന്റെയും മാരാരിക്കുളം പൗരാവലിയുടെയും നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് രവിപാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കരപ്പുറം രാജശേഖരൻ,ശശികുമാർ താമരപ്പള്ളി,ജോഷ്വ എസ്.മാലൂർ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിനാളുകളാണ് ദീപം കൊളുത്താൻ എത്തിയത്.

ഗതാഗത നിയന്ത്റണത്തിന് സംവിധാനം ഇല്ലാത്തതും ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണവുമാണ് ഇവിടെ അപകടങ്ങളുടെ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാരാരിക്കുളം ബീച്ചിലേക്കുള്ള റോഡ് തുടങ്ങുന്നത് കളിത്തട്ട് ജംഗ്ഷനിലാണ്. രാത്രി കാലങ്ങളിൽ കവലയിലെ വെളിച്ചക്കുറവും അപകട സാദ്ധ്യത കൂട്ടുന്നു. ദേശീയപാത പുനർനിർമ്മിച്ചപ്പോൾ ഉയരം കൂടിയതും വിനയായി. ബസുകൾ ജംഗ്ഷനിൽ ദേശീയപാതയിലേക്ക് കയ​റ്റി നിറുത്തുന്നതും അപകടത്തിന് വഴിയൊരുക്കുന്നു.

മാരാരിക്കുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയാണ് മാരാരിക്കുളം കളിത്തട്ട്. കളിത്തട്ട് ജംഗ്ഷൻ മാരാരിക്കുളം അതിർത്തിയിലാണ്. രണ്ടു വർഷം മുമ്പ് ഗതാഗത നിയന്ത്റണത്തിന് കുറച്ചു നാളുകളിൽ പൊലീസിനെ നിയോഗിച്ചിരുന്നു. പിന്നീട് പിൻവലിച്ചു. ഗതാഗത നിയന്ത്റണത്തിന് പൊലീസിനെ നിയമിക്കുകയോ സിഗ്‌നൽ ലൈ​റ്റുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.