 ആലപ്പുഴയിൽ കുടിവെള്ളം നിലച്ചിട്ട് 8 നാൾ

 വലയുന്നത് അഞ്ചു ലക്ഷം ജനങ്ങൾ

 അഴിമതിക്കാരെ പൂട്ടണമെന്ന് ജനം

ആലപ്പുഴ: പാലാരിവട്ടം മേൽപ്പാലത്തിൽ വിള്ളൽ കണ്ടുതുടങ്ങിയപ്പോൾത്തന്നെ ചർച്ചയായി, അന്വേഷണമായി, നടപടിയായി. ചൂട്ടു പിടിച്ചവരും കത്തിച്ചവരുമൊക്കെ അകത്താവുകയും പാലം പൊളിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇവിടൊരു ജനകീയ കുടിവെള്ള പദ്ധതി രണ്ടര വർഷക്കാലത്തിനിടെ 43 തവണ പൊട്ടിപ്പൊളിഞ്ഞ് കോടികൾ നഷ്ടമുണ്ടാക്കിയിട്ടും ചോദിക്കാനാളില്ല, അന്വേഷിക്കാനാളില്ല. എല്ലാ കൊള്ളരുതായ്മകൾക്കും ഓശാന പാടിക്കൊണ്ട് പദ്ധതി ഒപ്പിച്ചെടുത്തവരൊക്കെ ഇപ്പോഴുമുണ്ട് ഇവിടൊക്കെത്തന്നെ; അരിയാഹാരം കഴിച്ച്, നല്ല വെള്ളവും കുടിച്ച്, മിടുക്കൻമാരായി! രണ്ടു വർഷമായി തുടരുന്ന പൊട്ടൽക്കഥയിൽ വലയുന്നത് ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും അഞ്ചുലക്ഷത്തോളം പേരാണ്. 'ആറിയ കഞ്ഞി പഴങ്കഞ്ഞി' എന്നു പറയുംപോലെ പൊട്ടലിന്റെ എണ്ണമെടുക്കൽ മാത്രമായി അവശേഷിച്ചിരിക്കുകയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിക്കഥകൾ.

ഉത്തരവാദിത്വപ്പെട്ട ഒരു സർക്കാർ ഏജൻസി വെറുതെ ഒന്ന് അന്വേഷിച്ചാൽപ്പോലും കുറേപ്പേർ അഴിയെണ്ണും വിധമുള്ള ക്രമക്കേടുകളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നടന്നിട്ടുള്ളത് എന്നതു വ്യക്തം.

ലോകത്തൊരിടത്തും കേൾക്കാത്തതും കാണാത്തതുമായ പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്. തകഴി ലെവൽക്രോസിനു സമീപം 43-ാം 'നമ്പരാ'യി ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് അടുത്തിടെ പൊട്ടിയതോടെ നഗരത്തിലും ബന്ധപ്പെട്ട പ്രദേശങ്ങളിലും കു‌ടിവെള്ളം മുടങ്ങിയിട്ട് എട്ടു ദിവസം പിന്നിട്ടു. വല്ലാത്ത നരകാവസ്ഥയിലാണ് ജനങ്ങൾ. ഈ പദ്ധതി നിലവിൽ വരുന്നതിനു മുമ്പ് വല്ലപ്പോഴുമൊക്കെ മാത്രമാണ് കുടിവെള്ളം മുടങ്ങിയിരുന്നത്. ഇതിപ്പോൾ പതിവായി. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയോടു ചേർന്ന് സ്ഥാപിച്ചിട്ടുള്ള പൈപ്പാണ് സ്ഥിരം പൊട്ടുന്നതെന്നു വ്യക്തമാകവേ, അറ്റകുറ്റപ്പണിയും റോഡിലെ കുഴി മൂടലും മാത്രമായി ഒതുങ്ങുകയാണ് ഈ സ്ഥിരം 'തലവേദന'.

പാെളിച്ച റോഡ് പുനർനിർമ്മിച്ചതിന്റെ പണം തരാതെ ഇനി റോഡിൽ തൊടാൻ അനുവദിക്കില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. വാട്ടർ അതോറിട്ടിയാകട്ടെ കേട്ട മട്ട് കാണിക്കുന്നുമില്ല. വീണ്ടും പൈപ്പ് പൊട്ടിത്തകരുകയാണ്. എങ്ങും ചർച്ചയോടു ചർച്ച. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അവസാന ചർച്ചയും സ്വാഹ!

............................................

1400 മീറ്റർ: സ്ഥിരം പൊട്ടുന്നത് തകഴി ഭാഗത്ത് ഇത്രയും ദൈർഘ്യത്തിൽ

43: രണ്ടര വർഷത്തിനിടെ പൊട്ടിയത് ഇത്രയും തവണ

1.5 കോടി: പി.ഡബ്ളിയു.ഡിക്ക് ഇതേവരെ നൽകിയ നഷ്ടപരിഹാരം

...............................................

 പൊട്ടൽ ഏരിയ

സംസ്ഥാന പാതയായ അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി ലെവൽ ക്രോസുമുതൽ കിഴക്കോട്ട് 1400 മീറ്റർ ഭാഗത്താണ് പൈപ്പ് പൊട്ടൽ പതിവായത്. 43 തവണ ഈ ഭാഗത്ത് പൊട്ടലുണ്ടായി. പൊട്ടുന്ന ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് തകരുന്നതും പതിവാണ്. കേരള റോഡ് ഫണ്ട് ബോർഡും പാത നിർമ്മിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിയും ധാരണയായ ശേഷം മാത്രമേ റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി പദ്ധതിയുടെ ചുമതലക്കാരായ യുഡിസ് മാറ്റിനു ലഭിക്കൂ. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാത കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചത്. പാത നിർമ്മാണം പൂർത്തിയായ ശേഷം ഇതിനോടകം 18 ഇടങ്ങളിൽ പൊളിക്കേണ്ടിവന്നു. ഇക്കുറി യുഡിസ്മാറ്റ് 17 ലക്ഷം രൂപയാണ് കേരള റോഡ് ഫണ്ട് ബോർഡിന് നൽകേണ്ടത്.

 ഒരുമീറ്റർ= അഞ്ചു മീറ്റർ

ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ സ്ഥാപിച്ച ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് അടിക്കടി പൊട്ടി വെള്ളംകുടി മുട്ടിക്കുന്നത്. ഒരു മീറ്റർ നീളത്തിൽ പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണിക്കായി കുറഞ്ഞത് അഞ്ച്മീറ്റർ നീളത്തിൽ റോഡ് പൊളിക്കണം. ഒരു മീറ്റർ റോഡ് പുനർനിർമ്മിക്കാൻ 1.5 ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടി വരും. ഇങ്ങനെ 42 തവണ ചെലവഴിച്ച തുക പൂർണ്ണമായും പൊതുമരാമത്ത് വകുപ്പിനു നൽകുന്നതിൽ വാട്ടർ അതോറിട്ടിയും യുഡിസ്മാറ്റും വീഴ്ച വരുത്തി. ആലപ്പുഴ നഗരസഭ, ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് എന്നിവിടങ്ങളിലാണ് പദ്ധതിയിലെ തടസം മൂലം വെള്ളംകുടി മുട്ടുന്നത്.

 കുളമാക്കിയത് ഒത്തുകളി

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പുറത്ത് വരാതിരിക്കാൻ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. 2017 മേയിൽ കമ്മിഷൻ ചെയ്ത പദ്ധതി രണ്ടര വർഷം പിന്നിടുമ്പോഴും, ഇതിനു രൂപം കൊടുത്ത പ്രൊജക്ട് ഡിവിഷന്റെ നിയന്ത്രണത്തിലാണുള്ളത്. ഒരുദിവസം പോലും പദ്ധതി അനുസരിച്ചുള്ള കുടിവെള്ളം പമ്പ് ചെയ്യാനായിട്ടില്ല. യുഡിസ്മാറ്റിലെ (ചുമതലക്കാരായ ഏജൻസി) അഴിമതി പുറത്തുവരാതിരിക്കാനാണ് മെയിന്റിനൻസ് കാലവധി അവസാനിക്കുന്നതുവരെ പദ്ധതിയുടെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിക്ക് കൈമാറാത്തതെന്നാണ് ആക്ഷേപം. രണ്ട് മാസം മുമ്പ് പൈപ്പ് പൊട്ടലിനെ തുടർന്നുണ്ടായ പരാതിയിൽ വിജിലൻസ് വിഭാഗം സ്ഥലം പരിശോധിച്ച് ചില ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ശേഖരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.

..........................................................

# എവിടെ ആ 4.3 കോടി ലിറ്റർ?

 ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിച്ചത് കരുമാടിയിൽ

 പദ്ധതി കേരളാ സ്റ്റേറ്റ് അർബൻ ഡെവലപ്മെന്റ് പ്രോജക്ട്

 പറഞ്ഞത് പ്രതിദിനം 6.3 കോടി ലിറ്റർ വെള്ളം വിതരണം

 ലഭിക്കുന്നത് 2 കോടി ലിറ്റർ മാത്രം

 ഉപയോഗിക്കേണ്ടിയിരുന്നത് കാസ്റ്റ് അയൺ പൈപ്പ്

 1400 മീറ്ററിൽ നിലവാരമില്ലാത്ത ഹൈ ഡെൻസിറ്റി പൈപ്പുകൾ

 പമ്പിംഗിലെ സമ്മർദ്ദം താങ്ങാൻ ഇവയ്ക്കു കഴിയുന്നില്ല

............................................

'പ്രതീക്ഷയോടെയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ ഞങ്ങൾ കണ്ടത്. പക്ഷേ, ഇതു വല്ലാത്തൊരു തലവേദനയായി മാറിയിരിക്കുകയാണ്. കുടിവെള്ളം ഇല്ലായ്മ ഞങ്ങൾ ശീലിച്ചു കഴിഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അവരെ സഹായിച്ചവരെയും അകത്താക്കിയാൽ മാത്രമേ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ'

(നാട്ടുകാർ)