ആലപ്പുഴ: മറ്റുള്ളവർക്ക് ഭാഗ്യം വിലയ്ക്കു വിറ്റു നടന്ന ലേഖയെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു, അതും നറുക്കെടുപ്പിനു രണ്ടു മിനുട്ട് മുമ്പ് മാത്രം വാങ്ങിയ ടിക്കറ്റിലൂടെ! ബുധനാഴ്ച നറുക്കെടുത്ത കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ഭാഗ്യദേവത തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖയുടെ കയ്യിൽ വച്ചുകൊടുത്തത്.
രണ്ടു വർഷം മുമ്പ് വരെ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ ലോട്ടറി കച്ചവടമായിരുന്നു ലേഖയ്ക്ക്. പക്ഷേ, ഡ്രൈവറായ ഭർത്താവ് കെ.ആർ. പ്രകാശ് അപകടത്തിൽപ്പട്ടതോടെ ലോട്ടറി കച്ചവടം നിറുത്തി. ഭർത്താവും മകളുമൊത്ത് കുടുംബ വീട്ടിലായി താമസം. ഭാഗ്യം പരീക്ഷിച്ച് മടുത്ത ലേഖ കൊമ്മാടിയിലെ കുയിൽ ലോട്ടറി ഏജൻസിയിൽ നിന്ന് അക്ഷയ ലോട്ടറിയെടുത്ത് വീണ്ടും ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഭാഗ്യദേവത ലേഖയുടെ സങ്കടം കണ്ടു. എ.വൈ-771712 നമ്പരിൽ, വ്യത്യസ്ത സീരീസുകളിലുള്ള 12 ടിക്കറ്റുകളാണ് ലേഖ വാങ്ങിയത്. ഒന്നാം സമ്മാനം മാത്രമല്ല, 8000 രൂപ വീതമുള്ള 11 സമാശ്വാസ സമ്മാനങ്ങളും ലേഖ എടുത്ത ടിക്കറ്റുകൾക്കാണ്.
സമ്മാനത്തുക കൊണ്ട് സ്വന്തമായി വീട് വയ്ക്കണം. പിന്നെ സ്വന്തം കടയിൽ ലോട്ടറി കച്ചവടം പുനരാരംഭിക്കണം. ഇതൊക്കെയാണ് ലേഖയാടെ ആഗ്രഹങ്ങൾ. ലോട്ടറി ടിക്കറ്റ് എസ്.ബി.എെ സിവിൽ സ്റ്റേഷൻ വാർഡ് ശാഖയിൽ നൽകി.