ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ കടലാക്രമണത്തിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു.
'മൂന്നര വർഷമായി​ട്ടും ഈ പ്രശ്നത്തിന് യാതൊരു പരിഹാരവും കാണുന്നില്ല. സഭയുടെ പുറത്തിരുന്ന് പ്രതിഷേധിച്ചാലോ എന്നാലോചിച്ചു. കെ. കൃഷ്ണൻകുട്ടി മന്ത്രിയായതുകൊണ്ട് അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. തന്നെയുമല്ല, പ്രതിപക്ഷ നേതാവ് അങ്ങനെ ഇരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ചെയ്യുന്നില്ല. എന്നാൽ ജനങ്ങളുടെ മുന്നി​ൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഹരിപ്പാട് മണ്ഡലത്തിലെ സുനാമി ബാധിത തീരപ്രദേശങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ അതിരൂക്ഷമായ കടലാക്രമണമാണ്. പണ്ടൊക്കെ സീസണിൽ മാത്രമായിരുന്നു. ഇപ്പോൾ എല്ലാ സമയത്തും കടലാക്രമണം നടക്കുന്നു. ആറാട്ടുപ്പുഴ പഞ്ചായത്തിലെ പെരുമ്പളളി, രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണി​ക്കൽ, കളളിക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, മംഗലം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര, പ്രണവം ജംഗ്ഷൻ, മധുക്കൽ, ചെറിയശേരി, ചേലക്കാട്, പാനൂർ പുത്തൻപുരയ്ക്കൽ ജംഗ്ഷൻ, കുറ്റിക്കാട്, കുമാരകോടി ജംഗ്ഷൻ, പല്ലന ചന്ത, പുലത്തറ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നത്.

കടൽഭിത്തി നിർമ്മാണത്തിന് സ്റ്റേറ്റ് പ്ലാൻഫണ്ട് അനുവദിക്കാത്തതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്. കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ സർക്കാർ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. തീരദേശത്തുള്ള എല്ലാ എം.എൽ.എമാരുടെയും പരാതി ഇതാണ്. അടിയന്തരമായി ഇവിടെ പുലിമുട്ടുകൾ നിർമ്മിച്ചില്ലെങ്കിൽ ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ തകരും'- ചെന്നി​ത്തല പറഞ്ഞു.

# നടപടി സ്വീകരിച്ചെന്നു മന്ത്രി

ഈ വർഷം ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പല്ലന ഭാഗത്തും ആറാട്ടുപുഴ പഞ്ചായത്തിലെ കാർത്തിക ജംഗ്ഷൻ പത്തിശേരി, നല്ലാണിക്കൽ എന്നി​വി​ടങ്ങളി​ലും 87 ലക്ഷം രൂപയ്ക്കുള്ള 6 അടിയന്തര കടലാക്രമണ സംരക്ഷണ പ്രവൃത്തികൾക്ക് മൂന്നു തവണ ടെൻഡർ ചെയ്‌തെങ്കിലും കരാറുകാർ ആരുംതന്നെ എടുക്കാൻ തയ്യാറായില്ലെന്നും ക്വട്ടേഷൻ മുഖേന നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി മറുപടി നൽകി. മൂന്ന് പ്രവൃത്തികൾ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പാക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ടെൻഡർ വിളിച്ചെങ്കിലും യോഗ്യമായ ഒന്നു മാത്രമേ ലഭിച്ചുള്ളുവെന്നും മന്ത്രി പറഞ്ഞു.