ആലപ്പുഴ: സി.പി.എമ്മിന്റെ യുവജനപ്രവർത്തകർ പലരും പകൽ സി.പി.എമ്മുകാരും രാത്രി തീവ്രവാദികളുമാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പോകുന്നത് സംബന്ധിച്ച് പാർട്ടി ആത്മപരിശോധന നടത്തണം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടിയിലായ സി.പി.എം പ്രവർത്തകരായ രണ്ടു വിദ്യാർത്ഥികൾക്ക് കോടതി ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളിലൊരാളെ മന്ത്രി തോമസ് ഐസക് സന്ദർശിച്ചത് പരസ്യപിന്തുണയ്ക്ക് തുല്യമാണ്. രാജ്യദ്രോഹികളുമായി ബന്ധംപുലർത്തുന്ന മന്ത്രിമാർ ഭരണഘടനാപരമായ പദവിയിലിരിക്കാൻ യോഗ്യരല്ല. രണ്ടുമന്ത്രിമാരുണ്ടായിട്ടും ആലപ്പുഴയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാകാത്തത് ഖേദകരമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ, പട്ടിക ജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.പുരുഷോത്തമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.