ആലപ്പുഴ: തകഴിയിൽ എട്ടു ദിവസം മുമ്പ് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കാൻ യുഡിസ്മാറ്റ് പ്രൊജക്ട് മാനേജർ അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് 16.28 ലക്ഷം രൂപ ഇന്നലെ അടച്ചു. എന്നാൽ വൈകിട്ട് 7 മണിവരെ റോഡ് പൊളിക്കലിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയില്ല. നേരത്തെ നടത്തിയ 42 പൊട്ടലുകളുടെ പുനരുദ്ധാരണം നടത്തിയ വകയിലുള്ള പണം വാട്ടർ അതോറിട്ടി പൂർണ്ണമായും നൽകാത്തതാണ് കാരണം. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയുമെന്ന് യുഡിസ്മാറ്റ് പ്രൊജക്ട് മാനേജർ എൻ. ഷീജ 'കേരളകൗമുദി'യോട് പറഞ്ഞു.

 ഭരണാനുമതിയായി

അടിക്കടി പൈപ്പ് പൊട്ടുന്ന 1400 മീറ്റർ ഭാഗത്തെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 16 കോടി രൂപയുടെ ഭരണാനുമതി നൽകി. എന്നാൽ സാങ്കേതിക അനുമതി നേടാൻ കഴിഞ്ഞിട്ടില്ല. പുതിയ പൈപ്പ് സ്ഥാപിച്ചാൽ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരമായേക്കും.

............................................

 അഴിമതിയുടെ വഴി

1. പദ്ധതിക്ക് ചെലവായത് 240 കോടി

2. തകഴിയിലെ ശുദ്ധീകരണ പ്ളാന്റിലേക്ക് പത്തനംതിട്ട കടപ്രയിൽ നിന്ന് വെള്ളം എത്തിക്കാനുള്ള കുഴൽ സ്ഥാപിക്കാൻ ചെലവായത് 40 കോടി

3. പ്ളാന്റിനോട് അടുത്ത ഭാഗത്ത് 1400 മീറ്ററിൽ സ്ഥാപിച്ച 1100 എം.സി വ്യാസമുള്ള പൈപ്പ് ഗുണനിലവാരം കുറഞ്ഞത്

4. നിരന്തരം പൊട്ടുന്നതും ഈ ഭാഗം

5. മീറ്ററിന് 6000 രൂപ ലാഭംകിട്ടുന്ന പൈപ്പാണ് സ്ഥാപിച്ചതെന്ന് ആരോപണം

6. ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു

7. മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിനിറുത്തി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു