ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയ്ക്ക് പിന്നിലെ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്ന പൈപ്പുകൾ ഗുണ നിലവാരമില്ലാത്തതാണെന്ന് ഇതിനോടകം തെളിഞ്ഞു. കുറച്ച് നാളുകൾക്കുള്ളിൽ 44 തവണയാണ് പൈപ്പ് പൊട്ടിയത്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്തും ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.

ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിനാണ് ശ്രമം നടത്തേണ്ടത്. ഈ ആവശ്യമുന്നയിച്ച് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലപ്പുഴ ജല വിഭവ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്കു 13 ന് രാവിലെ 10:30 ന് മാർച്ച് നടത്തുമെന്നും ലിജു പറഞ്ഞു.