 ഇടപെട്ടത് കൊടിക്കുന്നിൽ സുരേഷ് എം.പി

ആലപ്പുഴ: എറണാകുളം പാസഞ്ചർ ട്രെയിൻ നിറുത്തലാക്കിയതിനു പകരം ആരംഭിച്ച മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം 16 ആയി വർദ്ധിപ്പിക്കാൻ റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് ഉത്തരവ് നൽകിയതായി റെയിൽവേ മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

ന്യൂഡൽഹിയിൽ റെയിൽവേ മന്ത്രായലയത്തിലെ എം.പിമാരുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് കൊടിക്കുന്നിൽ ഈ ആവശ്യമുന്നയിച്ചത്. കോച്ചുകളുടെ എണ്ണം 16 ആക്കാൻ റെയിൽവേ ബോർഡിലെ പ്രിൻസിപ്പൽ എക്സിക്യുട്ടീവ് ഡയറക്ടർ മധുകുമാർ റെഡ്ഡിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും റെയിൽവേ ബോർഡ് ചെയർമാന്റെ ഓഫീസിൽ നിന്നു അടിയന്തിര നിർദ്ദേശം നൽകി.
എറണാകുളം - ആലപ്പുഴ റൂട്ടിൽ രാവിലെയും വൈകിട്ടും ഓഫീസ് സമയങ്ങൾക്കു മുന്നോടിയായി ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിൽ 14 കോച്ചുകളാണ് ഉണ്ടായിരുന്നത്. തിരക്കേറിയ ഈ പാസഞ്ചർ ട്രെയിൻ പിൻവലിച്ച് 12 കോച്ചുകളുള്ള മെമു ട്രെയിൻ തുടങ്ങിയപ്പോൾ പകുതിയോളം യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത സ്ഥിതിയായി. ഇതിനെതിരെ യാത്രക്കാർ ശക്തമായ പ്രതിഷേധമുയർത്തി. ഈ സാഹചര്യത്തിലാണ് വിഷയം റെയിൽവേ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
16 കോച്ചുകളുള്ള മെമു സർവ്വീസ് രണ്ട് ദിവസത്തിനകം തന്നെ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അനന്തരാമൻ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ അറിയിച്ചു. ഇതിനായി കൊല്ലത്തെ മെമു മെയിന്റനൻസ് ഷെഡ്ഡിലെ ഇലക്ട്രിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 ആ പാസഞ്ചറും കൂടി...

16 കോച്ചുകളോടെ മെമു സർവ്വീസ് ആരംഭിക്കുന്നതിനൊപ്പം തിരക്കേറിയ കൊല്ലം-ആലപ്പുഴ- എറണാകുളം റൂട്ടിൽ നിറുത്തലാക്കിയ പാസഞ്ചർ ട്രെയിൻ കൂടി പുനരാരഭിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. ഈ നിർദ്ദേശം പരിശോധിക്കാൻ റെയിൽവേ ബോർഡ് ചെയർമാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിർദ്ദേശം നൽകി. പാസഞ്ചർ ട്രെയിൻ പുനരാരംഭിച്ച് ഓടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് പരിഗണിക്കാമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ ഉറപ്പു നൽകിയതായും കൊടിക്കുന്നിൽ അറിയിച്ചു.