കോമളപുരം സ്പിന്നിംഗ് മില്ലിൽ ശമ്പള പ്രതിസന്ധി
ആലപ്പുഴ: സർക്കാർ സ്ഥാപനങ്ങൾ വാങ്ങിയ നൂലിന്റെ വില നൽകാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾക്ക് ശമ്പളം വൈകുന്നു. ഒക്ടോബറിലെ ശമ്പളം ഫണ്ടില്ലാത്തതിനാൽ ഇന്നലെയും നൽകാനായില്ല.
കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ പിണറായിയിലുള്ള മിൽ 2 കോടിയും നാഷണൽ കൈത്തറി വികസന കോർപ്പറേഷൻ 2.86 കോടിയുമാണ് കോമളപുരം സ്പിന്നിംഗ് മില്ലിൽ നൽകാനുള്ളത്. ഇത് ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തുക ലഭിച്ചില്ലെങ്കിൽ മില്ലിലെ ഉത്പാദനം നിറുത്തിവയ്ക്കേണ്ടി വരുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു.
പ്രതിദിനം 300 ഉം 371ഉം രൂപയ്ക്ക് ജോലി ചെയ്യുന്നവരാണ് പലരും. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയിരുന്നു. പിന്നീട് ഓണത്തിനാണ് ശമ്പള വിതരണം പൂർത്തിയായത്. വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്കൂൾ യൂണിഫോം നൽകുന്നതിനായി സർക്കാർ വാങ്ങിയ നൂലിന്റെ വില ലഭിക്കാഞ്ഞതാണ് അന്ന് സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. പഞ്ഞിവാങ്ങാൻ ഫണ്ടില്ലാത്തതിനാൽ കുറച്ച് ദിവസം ഉത്പാദനം നിറുത്തി വച്ചിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് പ്രതിസന്ധി പരിഹരിച്ചത്.
ഉത്പാദനം പ്രതിസന്ധിയിൽ
350ൽ പരം തൊഴിലാളികൾ ജോലി ചെയ്യുന്ന മില്ലിൽ 15 വർഷം വരെ സർവീസുള്ളവരാണ് ഭൂരിഭാഗവും. വളരെ കുറഞ്ഞ വേതനത്തിലാണ് പലരും ജോലി ചെയ്യുന്നത്. അതുപോലും കൃത്യമായി നൽകുന്നില്ല. അസംസ്‌കൃത വസ്തുവായ പോളിയസ്റ്റർ പഞ്ഞി ഇല്ലാത്തതിനാൽ ഉത്പാദനം നിലയ്ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
തുക കിട്ടിയില്ല
മില്ലിന്റെ വികസനത്തിനത്തിനും ഉത്പാദനം വർദ്ധിപ്പിക്കാനുമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച തുക കൃത്യസമയത്ത് നൽകിയില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ 13 കോടി അനുവദിച്ചെങ്കിലും മൂന്നര വർഷം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു. മില്ലിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ധനമന്ത്രിയും സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.