ആലപ്പുഴ: അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധിയെ വളരെ പക്വതയോടെ ഉൾക്കൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിൽക്കുന്ന തരത്തിലുള്ള പ്രവർത്തനം ഓരോ പൗരനിൽ നിന്നും ഉണ്ടാകണമെന്ന് കളക്ടർ ഡോ.അദീല അബ്ദുള്ള അഭ്യർത്ഥിച്ചു. സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കെ, ജില്ലയുടെ സാമുദായിക സൗഹാർദ്ദ അന്തരീക്ഷം കൂടുതൽ സുദൃഢമാക്കുന്നതിലേക്കുള്ള മുൻകരുതൽ എന്നനിലയിൽ മത, സാമുദായിക രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
ചില വ്യക്തികൾ സൃഷ്ടിക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും വളർന്ന് സമൂഹത്തിന്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന തരത്തിലേക്ക് എത്താറുണ്ട്. ബുദ്ധിമുട്ടുകൾ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് നമ്മൾ ഓർക്കണം. സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിക്കാനായി പ്രത്യേക സൈബർ ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്.
തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സോഷ്യൽ മീഡിയ മുഖേനയോ മററ് മാർഗ്ഗങ്ങളിലൂടെയോ തെറ്റായ വാർത്തകൾ സമൂഹത്തിൽ പരത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഭരണകൂടത്തിന്റെ ഹെൽപ്പ് ലൈനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചർച്ച ചെയ്ത് പ്രശ്നങ്ങൾ ലഘൂകരിക്കണം. എല്ലാ മതസാമുദായിക രാഷ്ട്രീയ സംഘടനാ നേതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. പൊലീസ് ജാഗരൂകരായിരിക്കാനും ഇന്റലിജന്റ്സ് വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കളക്ടർ നിർദ്ദേശിച്ചു. പൊലീസ് സ്റ്റേഷൻ, താലൂക്ക്, പഞ്ചായത്ത് തലത്തിൽ മതസമുദായിക രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തിയുള്ള യോഗങ്ങൾ 16ന് മുമ്പായി വിളിച്ച് ചേർക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.