ചാരുംമൂട്ടിൽ സ്വകാര്യബസുകാർ പിന്നെയും അടിയുണ്ടാക്കി
ചാരുംമൂട്: തമ്മിലടിച്ച് കൂട്ടത്തിലൊരുവൻ ഇല്ലാതായിട്ടും ചാരുംമൂട്- ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യ ബസ്
ജീവനക്കാരിൽ ഒരു വിഭാഗം നേരെയാവുന്ന ലക്ഷണമില്ല. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘട്ടനത്തിൽ പരിക്കേറ്റ കണ്ടക്ടർ പിറ്റേന്നു പുലർച്ചെ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് ഇന്നലെ രാവിലെ വീണ്ടും സ്വകാര്യബസ് ജീവനക്കാർ തമ്മിലടിച്ചത്.
മാവേലിക്കര - പന്തളം റോഡിലെ ഇടപ്പോൺ ജംഗ്ഷനിലാണ്, പന്തളം - ചാരുംമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന 'രാജാധിരാജ' ബസിന്റെ ഉടമയും സംഘവും ചേർന്ന് കായംകുളം - മലയാലപ്പുഴ റൂട്ടിലോടുന്ന 'മുത്തപ്പൻ' ബസ് തടഞ്ഞു നിറുത്തി കണ്ടക്ടർ പത്തനംതിട്ട തുമ്പമൺ മുട്ടം നെടുക്കോട്ടുകുറ്റിയിൽ മനുവിനെ (25) ക്രൂരമായി മർദ്ദിച്ചത്. ഇയാൾ പരിക്കുകളോടെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ മറ്റു സ്വകാര്യ ബസുകളിലെ ജീവനക്കാർ സർവ്വീസ് നിറുത്തിവെച്ചു.വൈകിട്ട് മൂന്നു മണിയോടെ നൂറനാട് പാറ ജംഗ്ഷനിൽ സംഘടിച്ച തൊഴിലാളികൾ സംയുക്ത യൂണിയൻ നേതൃത്വത്തിൽ പ്രകടനവുമായി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ചികിത്സയിൽ കഴിയുന്ന മനുവിൽ നിന്നു പൊലീസ് മൊഴിയെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു നൽകിയ ഉറപ്പിനെത്തുടർന്നാണ് ജീവനക്കാർ പിരിഞ്ഞു പോയത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘട്ടനത്തിൽ പരിക്കേറ്റ താമരക്കുളം പേരൂർകാരാണ്മ ഷിജു ഭവനത്തിൽ ഷിജു (37) പിറ്റേന്ന് പുലർച്ചെയാണ് മരിച്ചത്. സംസ്കാര ചടങ്ങുകൾ നടത്താനുള്ള നീക്കങ്ങൾക്കിടെ ബന്ധുവിന്റെ പരാതിയെത്തുടർന്ന് നൂറനാട് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഇതിന്റെ റിപ്പോർട്ട് കിട്ടാനിരിക്കെയാണ് വീണ്ടും സംഘട്ടനമുണ്ടായത്.