ആലപ്പുഴ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ 10 കോടി രൂപ റെയിൽവേ ബോർഡ് ചെയർമാൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഡെൽഹിയിൽ റെയിൽവേ മന്ത്രാലയത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ സ്റ്റേഷന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അടിയന്തിര സഹായം അനുവദിച്ചതെന്ന് എം.പി പറഞ്ഞു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ വാരണാസി സ്റ്റേഷൻ മോഡലിൽ വികസിപ്പിക്കണമെന്ന് കൊടിക്കുന്നിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഒരു ഫുട് ഓവർ ബ്രിഡ്ജ് കൂടി നിർമ്മിക്കുക, പ്ലാറ്റ് ഫോം ഷെൽട്ടറിന്റെ നീളം വർദ്ധിപ്പിക്കുക, രണ്ടാം പ്ലാറ്റ് ഫോം ഷെൽട്ടർ പൂർണ്ണമായും ഗാൽവനൈസ്ഡ് റൂഫിംഗാക്കി മാറ്റുക, തീർത്ഥാടകർക്ക് തങ്ങാനുള്ള റെയിൽവേ യാത്രി നിവാസ് നിർമ്മിക്കുക, ടിക്കറ്റ് റിസർവ്വേഷന് പ്രത്യേകം ബ്ലോക്ക് നിർമ്മിക്കുക, ഫുഡ് കോർട്ട്, വി.ഐ.പി ലോഞ്ച് എന്നിവ ഏർപ്പെടുത്തുക, റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഫാർമസി യൂണിറ്റ് സ്ഥാപിക്കുക, മുൻഭാഗത്തായി കേരളീയ മാതൃകയിൽ കവാടം നിർമ്മിക്കുക, നിലവിലുള്ള സ്റ്റേഷൻ ടെർമിനൽ മോടി പിടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് 10 കോടി വിനിയോഗിക്കുന്നത്.
ശബരിമല തീർത്ഥാടന കാലത്ത് സ്റ്റേഷനിൽ വന്നെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ 11ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം ചേരും. ഈ തീർത്ഥാടന കാലത്ത് 150 ഓളം സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സർവ്വീസ് നടത്താൻ നടപടികൾ ആരംഭിച്ചതായും കൊടിക്കുന്നിൽ അറിയിച്ചു.